ഗാസയില്‍ എത്രയും പെട്ടെന്ന് വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന് കുവൈറ്റ്

കുവൈറ്റ് സിറ്റി: ഗാസയില്‍ എത്രയും പെട്ടെന്ന് വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന് കുവൈറ്റ് ആവശ്യപ്പെട്ടു. കുവൈറ്റ് തലസ്ഥാനത്ത് നടക്കുന്ന 45ാമത് ജിസിസി ഉച്ചകോടിയുടെ മുന്നോടിയായി നടത്തിയ വാര്‍ത്താക്കുറിപ്പിലാണ് ഗാസയില്‍ എത്രയും പെട്ടെന്ന് വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്നും നിരപരാധികളായ ഗാസന്‍ നിവാസികള്‍ക്ക് സംരക്ഷണം ഉറപ്പാക്കണമെന്നും കുവൈറ്റ് അമീര്‍ ശൈഖ് മിഷാല്‍ അല്‍ അഹമ്മദ് അല്‍ സബ ആവശ്യപ്പെട്ടത്.
മാനുഷികമായ സഹായം ഗാസയിലേക്ക് എത്താന്‍ സുരക്ഷിതമായ ഇടനാഴി തുറക്കണം. സുരക്ഷിതത്വം ഉറപ്പാക്കുന്ന കാര്യത്തിലുള്ള രാജ്യാന്തര നിയമങ്ങളിലെ ഇരട്ടത്താപ്പ് മേഖലയിലെ സുരക്ഷക്കും സാമാധാനത്തിനും ഉതകുന്നതല്ല. ഇസ്രായേലിനും ലബനോണിലെ ഹിസ്ബുല്ലക്കുമിടയില്‍ ഉണ്ടായിരിക്കുന്ന വെടിനിര്‍ത്തല്‍ മേഖലയില്‍ സമാധാനം തിരിച്ചെത്തുമെന്ന കാര്യത്തില്‍ പ്രതീക്ഷ നല്‍കുന്നതാണെന്നും കുവൈറ്റ് ഭരണാധികാരി അഭിപ്രായപ്പെട്ടു.
ഗാസയിലെ വെടിനിര്‍ത്തല്‍ മുഖ്യ അജണ്ടയായുള്ള 45ാമത് ജിസിസി ഉച്ചകോടിയില്‍ യുഎഇ വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ കോര്‍ട്ട് ചെയര്‍മാനുമായ ശൈഖ്് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്‌യാനും പങ്കെടുത്തു. കുവൈറ്റ് അമീറുമായി ശൈഖ് മന്‍സൂര്‍ കൂടിക്കാഴ്ച നടത്തി. ഉച്ചകോടി നടത്താന്‍ സന്നദ്ധനായ കുവൈറ്റ് അമീറിനെ ശൈഖ് മന്‍സൂര്‍ അഭിനന്ദിച്ചു.