തിരുവണ്ണാമലൈയിൽ ഉരുൾപൊട്ടൽ; ഏഴ് പേരെ കാണാതായി, വീടുകൾ തകർന്നു
ശക്തമായ മഴയ്ക്ക് പിന്നാലെ തമിഴ്‌നാട് തിരുവണ്ണാമലൈയിൽ ഉരുൾപൊട്ടൽ. അണ്ണാമലയാർ മലയുടെ അടിവാരത്തിലുള്ള നിരവധി വീടുകൾക്ക് നാശനഷ്ടം സംഭവിച്ചു. വലിയ പാറക്കഷ്ണങ്ങളും മണ്ണും വീടുകൾക്ക് മേൽ പതിക്കുകയായിരുന്നു. മൂന്ന് വീടുകൾ പൂർണമായും മണ്ണിനടിയിലായി. കുട്ടികളടക്കം ഏഴ് പേരെ കാണാതായി
കനത്ത മഴയ്ക്ക് പിന്നാലെ ഇന്നലെ വൈകുന്നേരത്തോടെയാണ് ഉരുൾപൊട്ടലുണ്ടായത്. ജില്ലാ കലക്ടറും ജില്ലാ പോലീസ് മേധാവിയും സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്. ഇന്നലെ രാത്രിയായതിനാൽ രക്ഷാപ്രവർത്തനം നിർത്തിവെച്ചിരുന്നു. ഇന്ന് പുലർച്ചെ മുതൽ രക്ഷാദൗത്യം പുനരാരംഭിച്ചിട്ടുണ്ട്
ദേശീയ ദുരന്തനിവാരണ സംഘവും രക്ഷാപ്രവർത്തനത്തിനായി തിരുവണ്ണാമലൈയിൽ എത്തിച്ചേർന്നിട്ടുണ്ട്. കടലൂർ, വിഴുപ്പുറം, കള്ളക്കുറിച്ചി എന്നിവിടങ്ങളിൽ പലയിടത്തും വെള്ളക്കെട്ട് രൂക്ഷമായി തുടരുകയാണ്. പുതുച്ചേരിയിൽ പലയിടത്തും വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാനായിട്ടില്ല. ഫിൻജാൽ ചുഴലിക്കാറ്റിനെ തുടർന്ന് ഇതുവരെ 9 പേർ മരിച്ചതായാണ് വിവരം.