നിമിഷപ്രിയ വിഷയത്തിലെ ഇടപെടൽ; കാന്തപുരത്തെ പ്രശംസിച്ച് നേതാക്കളും സോഷ്യൽ മീഡിയയും

യെമനിൽ മലയാളിയായ നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കുന്നത് നീട്ടിവെക്കുന്നതിൽ നിർണായക ഇടപെടൽ നടത്തിയ കാന്തപുരം എപി അബൂബക്കർ മുസ്ല്യാരെ അഭിനന്ദിച്ച് രാഷ്ട്രീയനേതാക്കളും ജനപ്രതിനിധികളും സോഷ്യൽ മീഡിയയും. നിമിഷപ്രിയയുടെ മോചനം കേരളം ആഗ്രഹിക്കുന്നതാണെന്നും വിഷയത്തിൽ കാന്തപുരത്തിന്റെ ഇടപെടൽ ഫലപ്രാപ്തിയിൽ എത്തട്ടെയെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു
നിമിഷപ്രിയയുടെ മോചനത്തിനായി കാന്തപുരം നടത്തിയ ഇടപെടലിൽ ഏറെ സന്തോഷമുണ്ടെന്നും മാനവികത ഉയർത്തിപ്പിടിക്കുന്ന നിലപാടാണ് കാന്തപുരം സ്വീകരിച്ചതെന്നും മന്ത്രി സജി ചെറിയാൻ പറഞ്ഞു. ഇത്തരം പ്രവർത്തനം ഇഷ്ടപ്പെടാത്ത ചില വർഗീയ ശക്തികളുണ്ട്. അവരെ പരാജയപ്പെടുത്തണം.
കാന്തപുരം എപി അബൂബക്കർ മുസ്ല്യാരുടെ നേതൃത്വത്തിൽ കേരളത്തിൽ നടത്തുന്ന സാമൂഹ്യ പ്രവർത്തനങ്ങൾ ഏറെ പ്രശംസനീയമാണ്. മതപരമായ കാര്യങ്ങളിൽ മാത്രമല്ല, സാമൂഹ്യ ഐക്യത്തിനായി നടത്തുന്ന പ്രവർത്തനങ്ങൾക്ക് എല്ലാ വിധ പിന്തുണയും നൽകുമെന്നും മർകസിൽ നടന്ന ചടങ്ങിൽ സജി ചെറിയാൻ പറഞ്ഞു
വിവിധ എംഎൽഎമാരും രാഷ്ട്രീയ നേതാക്കളുമൊക്കെ കാന്തപുരത്തിന് നന്ദി അറിയിച്ച് ഫേസ്ബുക്കിൽ പോസ്റ്റുകൾ കുറിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ നിരവധി പേരാണ് കാന്തപുരത്തിന്റെ ഇടപെടലിനെ പ്രശംസിച്ച് രംഗത്തുവന്നത്.