എന്‍ജിനീയറിങ് വിസ്മയമായി റെയില്‍വേയുടെ എല്‍എച്ച്ബി കോച്ചുകള്‍
ചെന്നൈ: എത്ര ശക്തമായ കൂട്ടിയിടിയിലും ആളപായം ഗണ്യമായി കുറക്കുന്ന എന്‍ജിനീയറിങ് വിസ്മയമമായ ലിങ്ക് ഹോഫ്മാന്‍ ബുഷ്(എല്‍എച്ച്ബി) കോച്ചുകള്‍ വീണ്ടും ചര്‍ച്ചയാവുന്നു. ചെന്നൈ നഗരത്തിന്റെ വടക്കന്‍ മേഖലയിലുള്ള കവരൈപ്പേട്ടൈയില്‍ നടന്ന ട്രെയിനപകടത്തിനു ശേഷമാണ് എല്‍എച്ച്ബി കോച്ചുകള്‍ വീണ്ടും ചര്‍ച്ചയാകുന്നത്. മൈസൂര്‍ – ദര്‍ഭംഗ മാഗ്മതി എക്‌സ്പ്രസ് ട്രെയിന്‍ ചരക്ക് തീവണ്ടിയുമായി അതിശക്തമായി കൂട്ടിയിടിച്ചെങ്കിലും ആളപായം ഒട്ടുമുണ്ടായില്ലെന്നതാണ് എല്‍എച്ച്ബി കോച്ചുകളുടെ നേട്ടം.
ആന്റി ക്ലൈംബിങ് സാങ്കേതികത, തീപ്പിടിത്തം തടയുന്ന ഡിസൈന്‍, ലോവര്‍ സെന്റര്‍ ഓഫ് ഗ്രാവിറ്റി തുടങ്ങിയ സംവിധാനങ്ങള്‍ അപകടത്തില്‍ യാത്രക്കാര്‍ക്ക് അപായം വളരെയധികം കുറയ്ക്കും. ഈ ജര്‍മന്‍ സാങ്കേതികത നമ്മുടെ റെയില്‍ യാത്രകള്‍ക്ക് നല്‍കിയ സുരക്ഷിതത്വം ചില്ലറയല്ലെന്നു സാരം.
ഇന്ത്യന്‍ റെയില്‍വേ രണ്ടായിരത്തില്‍ ഉപയോഗിച്ചു തുടങ്ങിയ കോച്ചുകളാണിവ. ഒഡീഷയിലെ ബലേശ്വറില്‍ ജൂണ്‍ മാസത്തിലുണ്ടായ ട്രെയിനപകടത്തിലെ മരണ നിരക്ക് കുറച്ചത് എല്‍എച്ച്ബി കോച്ചുകളാണെന്ന് സ്ഥലം സന്ദര്‍ശിച്ച് പരിശോധന നടത്തിയ റെയില്‍വേയുടെ സാങ്കേതിക വിദഗ്ധര്‍ അഭിപ്രായപ്പെട്ടിരുന്നു. കേരളത്തില്‍ ഒക്ടോബര്‍ 16 മുതല്‍ തിരുവനന്തപുരം – കണ്ണൂര്‍ ജനശതാബ്ധി ട്രെയിനുകളുടടെ കോച്ചുകളെല്ലാം എല്‍എച്ച്ബിയിലുള്ളവയാണ്.
സാധാരണ ട്രെയിനപകടങ്ങളില്‍ കോച്ചുകള്‍ ഒന്നിനുമുകളില്‍ ഒന്നായി കേറിക്കിടക്കും. എന്നാല്‍ എല്‍എച്ച്ബി കോച്ചുകളാണ് അപകടത്തില്‍ പെടുന്നതെങ്കില്‍ ഇത് സംഭവിക്കില്ല. ഇതിന് സഹായിക്കുന്നത് ‘സെന്റര്‍ ബഫര്‍ കപ്ലിങ്’ ആണ്. പഴയ ട്രെയിന്‍ കോച്ചുകളെ പരസ്പരം ബന്ധിപ്പിക്കുന്നത് വശങ്ങളില്‍ സ്ഥാപിച്ച ഇരട്ട കപ്ലിങ് സിസ്റ്റം വഴിയായിരുന്നു. ഇവയുടെ പ്രധാന പ്രശ്‌നം അപകടമുണ്ടാകുമ്പോള്‍ പരസ്പരം കയറിക്കിടക്കാന്‍ ഇടയാക്കുമെന്നതാണ്. ഇത് അപകടത്തിന്റെ തീവ്രത വര്‍ധിപ്പിക്കുന്നതിനൊപ്പം ആളപായവും കൂട്ടുന്നതാണ്.