കേരളത്തിലെ വിവിധ ആശുപത്രികളില്‍ നിന്നും മറ്റുമുള്ള മെഡിക്കല്‍ മാലിന്യങ്ങളുമായെത്തിയ ലോറി തമിഴ്‌നാട്ടില്‍വെച്ച് തടഞ്ഞു. തമിഴ്‌നാട്ടിലെ തിരിപ്പൂരിലാണ് സംഭവം. പാലാക്കാട്ട് നിന്നെത്തുന്ന ലോറി ആറ് മാസമായി സ്ഥിരമായി ഇവിടെ മാലിന്യം തള്ളുകയാണെന്ന് ആരോപിച്ച് നാട്ടുകാര്‍ സംഘടിച്ചെത്തുകയായിരുന്നു.
തിരുപ്പൂര്‍ പല്ലടത്താണ് സംഭവം. ഇന്നലെ രാവിലെയാണ് പാലക്കാട് നിന്നും മാലിന്യവുമായി എത്തിയ ലോറി പിടികൂടിയത്. ഫാം ഹൌസ് ഉടമയുമായി ഉണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തിലാണ് ഇവിടേക്ക് മെഡിക്കല്‍ മാലിന്യങ്ങളും പ്ലാസ്റ്റിക്കും എത്തിച്ച് കത്തിക്കുന്നത്.
തമിഴ്‌നാട് കേരള സ്വദേശികളടക്കം മൂന്ന് പേരാണ് ഈ വാഹനത്തില്‍ ഉണ്ടായിരുന്നത്. ഇവരെയും പൊലീസിന് കൈമാറിയിട്ടുണ്ട്.എത്രനാളായി ഇവിടേക്ക് മാലിന്യങ്ങള്‍ കൊണ്ടുവരുന്നു ആരൊക്കെ തമ്മിലുണ്ടാക്കിയ കരാറാണിത് എന്താണ് വ്യവസ്ഥകള്‍ എന്നടക്കമുള്ള കാര്യങ്ങളില്‍ അന്വേഷണം നടക്കുകയാണ്. ലോറി പോലീസ് പിടികൂടിയിട്ടുണ്ട്. കസ്റ്റഡിയിലുള്ളവരുടെ പേര് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.