Kerala

തദ്ദേശ തെരഞ്ഞെടുപ്പ്: പ്രവാസികൾക്കും വോട്ടർ പട്ടികയിൽ പേര് ചേർക്കാം

തിരുവനന്തപുരം: പ്രവാസി ഭാരതീയ വോട്ടമാര്‍ക്ക് തദ്ദേശ തെരഞ്ഞെടുപ്പിനു മുന്നോടിയായി വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചു. ഫോം 4Aയിലാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. പ്രവാസി വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കുന്നതിന്‍റെ മാർഗനിർദേശങ്ങള്‍ www.sec.kerala.gov.in എന്ന വെബ് സൈറ്റിൽ ലഭ്യമാണ്.

പ്രവാസി വോട്ടര്‍ പട്ടികയില്‍ പേര് ഉള്‍പ്പെടുത്തുന്നതിന് പാസ്‌പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടുള്ള കേരളത്തിലെ താമസസ്ഥലം ഉള്‍പ്പെടുന്ന തദ്ദേശസ്ഥാപനത്തിലെ ഒരു നിയോജകമണ്ഡലത്തിലെ/വാര്‍ഡിലെ ബന്ധപ്പെട്ട ഇലക്റ്ററല്‍ രജിസ്‌ട്രേഷന്‍ ഓഫിസര്‍ക്ക് (ഇആര്‍ഒ) അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കണം. ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി എന്നിവിടങ്ങളില്‍ അതത് സെക്രട്ടറിമാരും കോര്‍പ്പറേഷനില്‍ അഡീഷണല്‍ സെക്രട്ടറിയുമാണ് ഇലക്റ്ററല്‍ രജിസ്‌ട്രേഷന്‍ ഓഫിസര്‍.

 

സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ www.sec.kerala.gov.in എന്ന വെബ്‌സൈറ്റില്‍ മൊബൈല്‍ നമ്പര്‍ നല്‍കി citizen registration നടത്തണം. 2025 ജനുവരി ഒന്നിനോ അതിനു മുന്‍പോ 18 വയസ് പൂര്‍ത്തിയായവർക്കാണ് യോഗ്യത. വിദേശരാജ്യത്ത് താമസിക്കുന്നവരും, എന്നാൽ വിദേശരാജ്യത്തിന്‍റെ പൗരത്വം സ്വീകരിച്ചിട്ടില്ലാത്തവരുമായ ഇന്ത്യൻ പൗരനായിരിക്കണം.

ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്‍റൗട്ടില്‍ ഒപ്പ് രേഖപ്പെടുത്തി നിലവിലുള്ള പാസ്‌പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടുള്ള നാട്ടിലെ സാധാരണ താമസസ്ഥലത്തെ തദ്ദേശ സ്ഥാപനത്തിലെ ഇആര്‍ഒയ്ക്ക് നേരിട്ടോ, രജിസ്‌ട്രേഡ് തപാല്‍ മുഖേനയോ അപേക്ഷ സമര്‍പ്പിക്കണം.

Related Articles

Back to top button
error: Content is protected !!