അറ്റകുറ്റപണി; തായിഫിലെ അല്‍ ഹാദാ റോഡ് നാളെ മുതല്‍ രണ്ടു മാസത്തേക്ക് അടച്ചിടും
റിയാദ്: അറ്റകുറ്റപണികളുടെ ഭാഗമായി തായിഫ് ഗവര്‍ണറേറ്റിലെ അല്‍ ഹാദാ റോഡ് നാളെ മുതല്‍ രണ്ടു മാസത്തേക്ക് അടച്ചിടുമെന്ന് സഊദി റോഡ്‌സ് ജനറല്‍ അതോറിറ്റി(ആര്‍ജിഎ) അറിയിച്ചു. റോഡ്‌സ് സുരക്ഷാ വിഭാഗവുമായി ചേര്‍ന്നാണ് റോഡ് അടച്ചിടുന്നതെന്നും രണ്ടു മാസത്തിന് ശേഷം പ്രവര്‍ത്തികള്‍ അവസാനിച്ചാല്‍ റോഡ് വീണ്ടും തുറക്കുമെന്നും അധികൃതര്‍ പറഞ്ഞു.
റോഡിന്റെ ഗുണനിലവാരം ഉറപ്പാക്കാനും സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാനും ആയാസരഹിതമായ ഡ്രൈവിങ് അനുഭവം ഉറപ്പാക്കാനും ലക്ഷ്യമിട്ടാണ് അടച്ചിടുന്നത്. റോഡ് അടക്കുന്ന സാഹചര്യത്തില്‍ ഇതുവഴി യാത്ര ചെയ്യുന്നവര്‍ പകരമുള്ള റോഡുകളെ ആശ്രയിക്കേണ്ടതാണ്. 2030 ആവുമ്പോഴേക്കും റോഡ് സുരക്ഷയുടെ കാര്യത്തില്‍ റോഡ് ക്വാളിറ്റി ഇന്റെക്‌സില്‍ ആറാം സ്ഥാനത്തേക്ക് സഊദിയെ എത്തിക്കാനുള്ള ശ്രമത്തിന്റെ ഭാഗം കൂടിയാണ് അല്‍ ഹാദാ റോഡിലെ നിര്‍മാണ പ്രവര്‍ത്തികള്‍. ഒരു ലക്ഷം യാത്രക്കാരില്‍ മരണ നിരക്ക് അഞ്ചു പേര്‍ എന്ന നിരക്കിലേക്ക് എത്തിക്കാന്‍ കൂടി ലക്ഷ്യമിട്ടാണ് അറ്റകുറ്റ പണികള്‍ ഉള്‍പ്പെടെയുള്ളവ രാജ്യത്ത് കൃത്യമായി നടപ്പാക്കുന്നതെന്നും ആര്‍ജിഎ വ്യക്തമാക്കി.