National
ബാപട്ലയിൽ കരിങ്കൽ ക്വാറിയിൽ വൻ അപകടം; ആറ് തൊഴിലാളികൾ മരിച്ചു

ആന്ധ്രാപ്രദേശ്: ബാപട്ല ജില്ലയിലെ ബല്ലികുറവയ്ക്ക് സമീപമുള്ള കരിങ്കൽ ക്വാറിയിൽ പാറയിടിഞ്ഞ് ആറ് തൊഴിലാളികൾ മരിച്ചു. ഞായറാഴ്ച പതിവ് ജോലികൾ നടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ക്വാറിയിലെ വലിയ പാറക്കൂട്ടം തൊഴിലാളികളുടെ മേലേക്ക് ഇടിഞ്ഞുവീഴുകയായിരുന്നു.
അപകടം നടന്നയുടൻ പോലീസ് സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. അപകടസമയത്ത് ക്വാറിയിൽ ഏകദേശം 16 തൊഴിലാളികൾ ഉണ്ടായിരുന്നുവെന്നാണ് പ്രാഥമിക വിവരം. മരണപ്പെട്ടവരെല്ലാം ഒഡീഷയിൽ നിന്നുള്ള അതിഥി തൊഴിലാളികളാണെന്നാണ് സൂചന.
മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ക്വാറിയിലെ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചിരുന്നോ എന്നതടക്കമുള്ള കാര്യങ്ങൾ പരിശോധിക്കുമെന്ന് അധികൃതർ അറിയിച്ചു.