World

ഷോപ്പിങ് മാളിന്റെ മേല്‍ക്കൂര തകര്‍ന്ന് വന്‍ ദുരന്തം: ആറ് മരണം: 78 പേര്‍ക്ക് പരിക്കേറ്റു

പെറുവില്‍ ഷോപ്പിങ് മാളിന്റെ മേല്‍ക്കൂര തകര്‍ന്ന് വന്‍ ദുരന്തം. ആറ് പേര്‍ മരിച്ചു. 78 പേര്‍ക്ക് പരിക്കേറ്റു. മൂന്ന് പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. കുട്ടികളുടെ കളിസ്ഥലത്തിന് മുകളിലേക്കാണ് മേല്‍ക്കൂര വീണത്. അപകട കാരണം വ്യക്തമല്ല.

ലാ ലിബര്‍റ്റാഡ് മേഖലയിലെ റിയല്‍ പ്ലാസ ട്രുജില്ലോ ഷോപ്പിംഗ് മാളിലെ ഇരുമ്പ് മേല്‍ക്കൂരയാണ് നിലംപതിച്ചത്. ഫുഡ് കോര്‍ട്ടിന്റെ മേല്‍ക്കൂരയാണ് നിലംപൊത്തിയത്. നിരവധി പേര്‍ ആ സമയത്ത് മാളിലുണ്ടായിരുന്നു. അഞ്ച് പേര്‍ സ്ഥലത്തും ആറാമത്തെയാള്‍ ആശുപത്രിയിലും മരിച്ചുവെന്ന് പ്രതിരോധ മന്ത്രി വാള്‍ട്ടര്‍ അസ്റ്റുഡില്ലോ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

പരിക്കേറ്റ 30 പേരെ ഇതിനകം ഡിസ്ചാര്‍ജ് ചെയ്തിട്ടുണ്ടെന്നും 48 പേര്‍ ആശുപത്രിയില്‍ തുടരുകയാണെന്നും മന്ത്രി അറിയിച്ചു. മൂന്നു പേരുടെ നില ഗുരുതരമായി തുടരുകയാണ്. മരിച്ചവരുടെ കുടുംബങ്ങളെ മന്ത്രി അനുശോചനം അറിയിച്ചു. ഇനിയാരും അവശിഷ്ടങ്ങള്‍ക്കിടയില്‍ പെട്ടിട്ടില്ലെന്ന് ഉറപ്പാക്കാന്‍ തെരച്ചില്‍ നടത്തിയെന്ന് അഗ്‌നിശമന വിഭാഗം മേധാവി ലൂയിസ് റോങ്കല്‍ പറഞ്ഞു.

അപകട സാധ്യത കണക്കിലെടുത്ത് ഷോപ്പിംഗ് സെന്റര്‍ അടച്ചുപൂട്ടുന്നതായി ട്രൂജില്ലോ മേയര്‍ മരിയോ റെയ്ന അറിയിച്ചു. മറ്റ് മാളുകളില്‍ സുരക്ഷാ പരിശോധന നടത്തുമെന്നും മേയര്‍ അറിയിച്ചു,

Related Articles

Back to top button
error: Content is protected !!