GulfSaudi Arabia

മിനി ട്രക്ക് ട്രെയിലറിന് പിന്നില്‍ ഇടിച്ച് മലപ്പുറം സ്വദേശി മരിച്ചു

റിയാദ്: മിനി ട്രക്ക് ട്രെയിലറിന് പിന്നില്‍ ഇടിച്ച് മലപ്പുറം സ്വദേശിയായ യുവാവ് മരിച്ചു. നിലമ്പൂര്‍ പയ്യമ്പള്ളി മുക്കട്ടവയല്‍ സ്വദേശി കാരാട്ട് പറമ്പില്‍ ഹൗസില്‍ അക്ബര്‍ (37) ആണ് ദാരുണമായി മരിച്ചത്.

ഓട്ടോ സ്‌പെയര്‍പാര്‍ട്‌സ് കമ്പനിയുടെ അല്‍ഹസയിലെ സെയില്‍സ് ആയിരുന്ന അക്ബര്‍ റിയാദില്‍നിന്നും ലോഡുമെടുത്ത് അല്‍അഹസയിലേക്കു മടങ്ങുന്നതിനിടെ വെള്ളിയാഴ്ച പഴയ ഗുറൈസ് നഗരത്തിലായിരുന്നു അപകടത്തില്‍പ്പെട്ടത്.

ഹൈവേയില്‍ നിന്ന് മറ്റൊരു റോഡിലേക്ക് അപ്രതീക്ഷിതമായി തിരിഞ്ഞ ട്രെയിലറിന് പിന്നില്‍ മിനി ട്രക്ക് പിടിച്ചതാണ് അപകടത്തിലേക്ക് നയിച്ചത്. ക്യാബിന്‍ വെട്ടിപ്പൊളിച്ചാണ് മൃതദേഹം പുറത്തെടുത്തത്.

നാലുമാസം മുന്‍പാണ് അക്ബറിന്റെ കുടുംബം സന്ദര്‍ശന വിസയില്‍ സൗദിയില്‍ എത്തിയത്. അപകട മരണത്തിന്റെ പശ്ചാത്തലത്തില്‍ കമ്പനി അധികൃതര്‍ ശനിയാഴ്ച കുടുംബത്തെ നാട്ടിലേക്ക് അയച്ചിരുന്നു. ഭാര്യ ഫസ്‌നയും മക്കളായ നയ്‌റയും മുഹമ്മദ് ഹെമിനുമാണ് അക്ബറിനൊപ്പം താമസിച്ചിരുന്നത്. പരേതനായ കാരാട്ടുപറമ്പില്‍ ഹസന്റെയും സക്കീനയുടെയും മകനാണ്. മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കുമെന്ന് നടപടിക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന കെഎംസിസി അല്‍ഹസ ഭാരവാഹിയായ നാസര്‍ കണ്ണൂരും കമ്പനി പ്രതിനിധി നാസര്‍ വണ്ടൂര്‍ അറിയിച്ചു.

Related Articles

Back to top button
error: Content is protected !!