
ദുബായ്: സമുദ്രങ്ങളെ രക്ഷിക്കാന്‍ അവബോധം ഉണ്ടാക്കാന്‍ ലക്ഷ്യമിട്ട് 115 കിലോമീറ്റര്‍ നഗ്നപാദനായി ഓടുകയാണ് ആകാശ നമ്പ്യാര്‍(36) എന്ന കണ്ണൂര്‍ കല്ല്യാശേരി സ്വദേശി. കഴിഞ്ഞ പത്തുവര്‍ഷമായി നഗ്നപാതനായി ഓടുന്ന ബെയര്‍ ഫൂട്ട് മല്ലുവെന്ന് അപരനാമത്തില്‍ അറിയപ്പെടുന്ന പ്രമുഖ ഓട്ടക്കാരന്കൂടിയാണ് ദുബായില്‍ താമസിക്കുന്ന ഈ പ്രവാസി. ഹത്തയില്നിന്നും ആരംഭിച്ച് ദുബായില്‍ അവസാനിക്കുന്ന രീതിയിലാണ് മലയാളിയായ ആകാശ് തന്റെ ഓട്ടം ക്രമീകരിച്ചിരിക്കുന്നത്. ശനിയാഴ്ച രാവിലെ ആറിനായിരുന്നു ഓട്ടം തുടങ്ങിയത്. 17 മണിക്കൂറുകള്‍ക്കു ശേഷം രാത്രി 11 ആയിരുന്നു ആദ്യ ദിവസത്തെ കഠിനപ്രയത്നം അവസാനിപ്പിച്ചത്.
ഓരോ 30 കിലോമീറ്ററിനിടയിലും വെള്ളം നിറയ്ക്കാനും മറ്റുമായി ഓട്ടം നിര്‍ത്തും. പകലത്തെ കഠിനമായ ചൂടിനെ മറികടന്നാണ് ആകാശ് റോഡിലൂടെ തന്റെ പ്രയത്നം തുടരുന്നത്. ഇത് പ്രണയദിനത്തിന്റെ ആഴ്ചയാണ് എല്ലാവരും തന്റെ പ്രിയപ്പെട്ടവര്‍ക്കായി സമ്മാനങ്ങളും സര്‍പ്രൈസുകളും ഒരുക്കുമ്പോള്‍ താന്‍ ഓട്ടത്തിലൂടെ ഓര്‍മിപ്പിക്കുന്നത് സ്വന്തമായി പ്രണയിക്കുന്നത് അത്യന്താപേക്ഷിതമെന്നാണ്.
കടലിനാല്‍ ചുറ്റപ്പെട്ടു കിടക്കുന്ന യുഎഇപോലുള്ള ഒരു രാജ്യത്ത് സ്വന്തം ആരോഗ്യത്തിന് പ്രാധാന്യം കൊടുക്കുന്നതിനൊപ്പം കടലിന് ആവശ്യമായ സ്വാന്തനം നല്‍കുകയും വേണ്ടതാണ്. ലാഭേച്ഛ ഇല്ലാതെ പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയായ അസ്റഖുമായി സഹകരിച്ചാണ് ഓടുന്നത്. ബീച്ച് ശുചീകരിക്കുക, മരുഭൂമി ശുചീകരിക്കുക, പവിഴപുറ്റുകളെയും കണ്ടല്‍ക്കാടുകളെയും സംരക്ഷിക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന സംഘടനയാണ് അസ്റഖ്.