മംസാര്‍ ബീച്ചില്‍ തിരയില്‍പ്പെട്ട് മലയാളി ബാലന്റെ മരണം; മകനെ നിര്‍ബന്ധിച്ച് ബീച്ചിലേക്ക് കൊണ്ടുവന്ന സങ്കടത്തില്‍ വിതുമ്പി പിതാവ്
ദുബൈ: അല്‍ മംസാര്‍ ബീച്ചില്‍ കടലില്‍ വിനോദത്തിലേര്‍പ്പെട്ടിരിക്കേ അപ്രതീക്ഷിതമായുണ്ടായ ശക്തമായ തിരമാലയില്‍പ്പെട്ട് 15 കാരനായ മലയാളി ബാലന് മഫാസ് മരിച്ചതിന്റെ ആഘാതത്തില്‍ വിതുമ്പുകയാണ് കുടുംബം.
സുഹൃത്തുക്കളോടൊപ്പം അവധി ദിനം ചെലവഴിക്കാനിരുന്ന മകനെ കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാന്‍ ബീച്ചിലേക്ക് നിര്‍ബന്ധിച്ച് കൊണ്ടുവരികയായിരുന്നൂവെന്ന് പിതാവ് മുഹമ്മദ് അഷ്റഫ് വിതുമ്പലോടെ പറയുന്നു. സഹോദരിയോടൊപ്പം ബീച്ചിന്റെ ആഴമില്ലാത്ത ഭാഗത്ത് നീന്തുകയായിരുന്നു ഇരുവരും. ഉമ്മയെ ബീച്ചിലിരുത്തി താന്‍ ടോയ്ലെറ്റിലേക്ക് നടന്ന സമയത്തായിരുന്നു തിരമാലയുടെ രൂപത്തില്‍ ദുരന്തമെത്തിയതെന്ന് അദ്ദേഹം ഓര്‍ത്തെടുത്തു.
ദുബൈയില്‍ വ്യാപാരിയുമായ കാസര്‍കോട് ചെങ്കള സ്വദേശി മുഹമ്മദ് അഷ്റഫിന്റെയും ഭാര്യ നസീമയുടെയും മൂന്നാമത്തെ മകനാണ് ദുബൈ ന്യൂ ഇന്ത്യന്‍ മോഡല്‍ സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയായിരുന്ന അഹ്മദ് അബ്ദുല്ല മഫാസ്. മാതാവ് നോക്കിനില്‍ക്കെയായിരുന്നു ദുരന്തം. സഹോദരി ഫാത്തിമയ്ക്കൊപ്പം ബീച്ചിനോട് ചേര്‍ന്ന വെള്ളത്തില്‍ കളിക്കുകയായിരുന്നു മഫാസ്. പൊടുന്നനെയാണ് അതിശക്തമായ തിരമാല തീരത്തേക്ക് ആഞ്ഞടിച്ചത്. തിരയില്‍പ്പെട്ട് അനുജന് ഒഴുകിപ്പോവുന്നത് കണ്ട സഹോദരി ഫാത്തിമ അവന്റെ കൈയില്‍ മുറുകെ പിടിച്ചെങ്കിലും ശക്തമായ തിര മഫാസിനെ ആഴങ്ങളിലേക്ക് വലിച്ചുകൊണ്ടുപോകുകയായിരുന്നു.
ബഹളം കേട്ട് ഓടിയെത്തിയ സ്വദേശി യുവാവാണ് കടലിലകപ്പെട്ട 22കാരിയായ ഫാത്തിമയെ രക്ഷപ്പെടുത്തി കരക്കെത്തിച്ചത്. അപ്പോഴേക്കും മഫാസ് കടലിന്റെ ആഴങ്ങളില്‍ അപ്രത്യക്ഷനായിരുന്നു. വിവരമറിഞ്ഞ് കുതിച്ചെത്തിയ ദുബൈ പോലീസിന്റെ നേതൃത്വത്തില്‍ ഏറെനേരം തെരച്ചില്‍ നടത്തിയിട്ടും വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല. ഇന്നലെ വൈകിയാണ് കടലില്‍നിന്ന് മഫാസിന്റെ മൃതദേഹം ലഭിച്ചത്. മയ്യിത്ത് ദുബൈയില്‍ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.