മകന്റെ ശസ്ത്രക്രിയയ്ക്ക് ഓപ്പറേഷന്‍ തിയേറ്ററിന് മുന്നില്‍ കാത്തിരുന്നു; പിതാവിനും ശസ്ത്രക്രിയ നടത്തി കോട്ട മെഡിക്കല്‍ കോളേജ്

രാജസ്ഥാനില്‍ ഓപ്പറേഷന്‍ തിയേറ്ററിന് പുറത്ത് മകനെ കാത്തിരുന്ന പിതാവിനെ ശസ്ത്രക്രിയ ചെയ്തതായി പരാതി. രാജസ്ഥാനിലെ കോട്ട മെഡിക്കല്‍ കോളേജിലാണ് സംഭവം നടന്നത്. അപകടത്തെ തുടര്‍ന്ന് കാലിന് പരിക്കേറ്റ മനീഷ് എന്ന യുവാവിന്റെ കാലിന് ശസ്ത്രക്രിയ നടക്കുമ്പോള്‍ തീയറ്ററിന് പുറത്ത് കാത്തിരുന്ന പിതാവിനാണ് ദുരനുഭവം ഉണ്ടായത്.
മനീഷിന്റെ ശസ്ത്രക്രിയ നടക്കുമ്പോള്‍ മകന് വേണ്ടി കാത്തിരിക്കുകയായിരുന്നു പിതാവ് ജഗദീഷ്. ഈ സമയം ഹൃദയ ശസ്ത്രക്രിയ വിഭാഗത്തിലെ ഒരു നഴ്സ് ജഗദീഷ് എന്ന പേര് വിളിക്കുകയായിരുന്നു. ഉടന്‍ മനീഷിന്റെ പിതാവ് ജഗദീഷ് തന്നെയാണ് വിളിച്ചതെന്ന് കരുതി നഴ്‌സിനൊപ്പം ഓപ്പറേഷന്‍ തിയേറ്ററിലേക്ക് പോയി.
പിന്നാലെ ഹീമോ ഡയാലിസിസിന്റെ ഭാഗമായ എവി ഫിസ്റ്റുല കൈയില്‍ ഘടിപ്പിക്കുന്നതിനുള്ള ശസ്ത്രക്രിയക്കാണ് ജഗദീഷിനെ വിധേയനാക്കിയത്. ഈ സമയത്ത് ഓപ്പറേഷന്‍ തിയേറ്ററിലേക്ക് പ്രവേശിച്ച ഒരു ഡോക്ടര്‍ തെറ്റായ ആളെയാണ് വിളിച്ച് കൊണ്ടുവന്നിരിക്കുന്നതെന്ന് തിരിച്ചറിഞ്ഞു.
പിന്നീടാണ് അബദ്ധം മനസ്സിലായത്. തുടര്‍ന്ന് ജഗദീഷിന്റെ കൈയിലുണ്ടാക്കിയ മുറിവ് കെട്ടിവച്ച് പറഞ്ഞയയ്ക്കുകയും ചെയ്തു. നേരത്തെ പക്ഷാഘാതം ബാധിച്ച് ചികിത്സയിലായിരുന്നു ജഗദീഷ്. കൈകള്‍ക്ക് സ്വാധീനം കുറവാണ്. സംസാരിക്കാനും ബുദ്ധിമുട്ടുണ്ട്. ശസ്ത്രക്രിയ കഴിഞ്ഞ ശേഷം പിതാവിന്റെ കൈയില്‍ മുറിവ് കെട്ടിയത് കണ്ടതോടെയാണ് മനീഷ് വിവരം അറിയുന്നത്.
തുടര്‍ന്ന് പരാതി നല്‍കുകയായിരുന്നു. സംഭവം ശ്രദ്ധയില്‍പ്പെട്ടുവെന്ന് കോട്ട മെഡിക്കല്‍ കോളേജ് ആശുപത്രി പ്രിന്‍സിപ്പല്‍ ഡോ സംഗീത സക്‌സേന അറിയിച്ചിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെന്നും സംഗീത സക്‌സേന പറഞ്ഞു.