കത്തി കാട്ടി ബാങ്കിൽ നിന്ന് പണം കവർന്നത് മലയാളി തന്നെ; ക്രിമിനല്‍ പശ്ചാത്തലമില്ലാത്ത ആളാണ് പ്രതിയെന്ന് പോലീസ്

തൃശൂർ: ചാലക്കുടി പോട്ട ഫെഡറല്‍ ബാങ്കില്‍ കവർച്ച നടത്തിയത് മലയാളി തന്നെയെന്ന നിഗമനത്തില്‍ പോലീസ്. തദ്ദേശീയരിലേക്ക് അന്വേഷണം വ്യാപിപ്പിക്കുകയാണ് പോലീസ് സംഘം. ക്രിമിനല്‍ പശ്ചാത്തലമില്ലാത്ത ആളാണ് പ്രതിയെന്നാണ് വിവരം.
കവർച്ച നടത്തിയത് പ്രൊഫഷണല്‍ മോഷ്ടാവ് അല്ലെന്ന സൂചന പോലീസിന് നേരത്തേ ലഭിച്ചിരുന്നു. മോഷണം നടന്ന പ്രദേശത്തുനിന്ന് അധികം ദൂരയല്ലാത്ത ഒരാള്‍ തന്നയാകാം കൃത്യം നടത്തിയത് എന്നാണ് പോലീസ് പറയുന്നത്. ആദ്യഘട്ടത്തില്‍ പ്രതി ഇതര സംസ്ഥാനക്കാരനാകാമെന്ന സംശയത്തിലായിരുന്നു പോലീസ്.
മോഷ്ടാവെത്തിയ ഇരുചക്രവാഹനത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ ഉള്‍പ്പടെ ലഭിച്ചിട്ടും ഇയാളെ പിടികൂടാൻ പോലീസിന് ഇതുവരെ സാധിച്ചിട്ടില്ല. വാഹനവും കണ്ടെത്താനായിട്ടില്ല. പ്രതി പോയത് അങ്കമാലി ഭാഗത്തേക്ക് ആണെന്നതാണ് അന്വേഷണസംഘത്തിന് ലഭിച്ച ഏകവിവരം. പ്രതി സംസ്ഥാനം തന്നെ വിട്ടുപോകാനുള്ള സാധ്യത പോലീസ് തള്ളിക്കളയുന്നുമില്ല. അതിനാല്‍ കേസ് സംസ്ഥാനത്തിന് പുറത്തേക്ക് വ്യാപിപ്പിച്ചേക്കും.
ബാങ്കിലെയും ബാങ്കിനു പുറത്തെയും നിരീക്ഷണക്യാമറകളില്‍ ഇയാളുടെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. ദൃശ്യങ്ങള്‍ അടിസ്ഥാനപ്പെടുത്തിയാണ് ഇപ്പോള്‍ അന്വേഷണം പുരോഗമിക്കുന്നത്. നിരീക്ഷണ ക്യാമറകളില്‍ പെട്ടെങ്കിലും ഹെല്‍മെറ്റ് ധരിച്ചിരുന്നതിനാല്‍ തിരിച്ചറിയാൻ സാധിക്കാത്തതാണ് പ്രതിസന്ധിയാകുന്നത്.
പ്രതിക്ക് സഹായം ലഭിച്ചിട്ടുണ്ടോയെന്നും സംഭവത്തില്‍ ഗൂഢാലോചനയുണ്ടോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്. ബാങ്ക് ജീവനക്കാരുടെ മൊഴി പോലീസ് വീണ്ടും എടുത്തിട്ടുണ്ട്. 47 ലക്ഷം രൂപയാണ് കൗണ്ടറില്‍ അടുക്കുകളാക്കി വെച്ചിരുന്നത്. ഇതില്‍നിന്ന് നടുക്കായി ക്രമീകരിച്ച അഞ്ചുലക്ഷം വീതമുള്ള മൂന്ന് കെട്ടുകള്‍ മാത്രമാണ് പ്രതി കൈക്കലാക്കിയത്. അതിനാല്‍ പ്രതിയിലേക്ക് എളുപ്പം എത്താൻ സാധിക്കുമെന്നും പോലീസ് കരുതുന്നു.
കൂടുതല്‍ പണം എടുക്കാമായിരുന്നിട്ടും 15 ലക്ഷം മാത്രം കൈക്കലാക്കിയതിനാല്‍ പ്രതി പ്രത്യേക ലക്ഷ്യത്തോടെയാവാം കവർച്ച നടത്തിയതെന്നും പോലീസ് കരുതുന്നു.