ജാമ്യം ലഭിച്ച മലയാളി കന്യാസ്ത്രീകൾ ഈ ആഴ്ച അവസാനത്തോടെ കേരളത്തിലെത്തും

ഛത്തീസ്ഗഡിലെ ദില്ലിരാജറായിൽ തുടരുന്ന മലയാളി കന്യാസ്ത്രീകൾ ഈ ആഴ്ച അവസാനത്തോടെ കേരളത്തിലേക്ക് മടങ്ങിയേക്കും. കേസ് അവസാനിക്കുന്നത് വരെ ഇരുവർക്കും പുതിയ ചുമതലകളോ സ്ഥലം മാറ്റമോ ഉണ്ടാകില്ല. അതേസമയം ബജ്റംഗ്ദൾ നേതാവ് ജ്യോതി ശർമക്കും പ്രവർത്തകർക്കുമേതിരെ പെൺകുട്ടികൾ നൽകിയ പരാതിയിൽ പോലീസ് ഇതുവരെ കേസെടുത്തിട്ടില്ല.
രണ്ടാഴ്ച കൂടുമ്പോൾ സമീപത്തുള്ള പോലീസ് സ്റ്റേഷനിൽ ഹാജരാകണമെന്ന ജാമ്യ ഉപാധിയിലാണ് സിസ്റ്റർ വന്ദന ഫ്രാൻസിസ്, സിസ്റ്റർ പ്രീതി മേരി എന്നിവർ പുറത്തിറങ്ങിയത്. ഇത് പ്രകാരം എട്ടാം തീയതി പോലീസ് സ്റ്റേഷനിൽ ഹാജരാകണം. ഇതിനു ശേഷമാകും കേരളത്തിലേക്ക് മടങ്ങുക.
ഏതാനും ദിവസം ഇരുവരും വീടുകളിൽ ചിലവഴിക്കും. തുടർന്ന് ഛത്തീസ്ഗഡിലേക്ക് മടങ്ങും.
കണ്ണൂർ സ്വദേശിനിയാണ് സിസ്റ്റർ വന്ദന ഫ്രാൻസിസ്, സിസ്റ്റർ പ്രീതി മേരി അങ്കമാലി സ്വദേശിയും. കേസ് അവസാനിപ്പിക്കുന്നതിന് വേണ്ട നിയമ നടപടികൾ തുടരാൻ ഇരുവർക്കും ഛത്തീസ്ഗഡിൽ തുടരേണ്ടതുണ്ട്. ജാമ്യ ഉപാധികൾ പ്രകാരം കന്യാസ്ത്രീകൾക്ക് രാജ്യത്തിനകത്ത് സഞ്ചരിക്കുന്നതിന് തടസമില്ല.