റഷ്യയിൽ തൊഴിൽ തട്ടിപ്പിന് ഇരയായ മലയാളികളെ രക്ഷപ്പെടുത്തണം; കേന്ദ്രത്തിന് മുഖ്യമന്ത്രിയുടെ കത്ത്
റഷ്യയിൽ തൊഴിൽ തട്ടിപ്പിന് ഇരയായ മലയാളികളെ തിരികെ എത്തിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിന് മുഖ്യമന്ത്രി കത്തയച്ചു. റഷ്യ- യുക്രൈൻ യുദ്ധത്തിൽ കൊല്ലപ്പെട്ട സന്ദീപ് ചന്ദ്രന്റെ മൃതദേഹം നാട്ടിലെത്തിക്കണമെന്നും മുഖ്യമന്ത്രി കേന്ദ്രത്തിന് അയച്ച കത്തിൽ ആവശ്യപ്പെട്ടു. തൃശ്ശൂർ സ്വദേശിയായ സന്ദീപ് ചന്ദ്രന്റെ ഭൗതിക ശരീരം റഷ്യയിലെ റോസ്‌തോവിൽ ഉണ്ടെന്ന് റഷ്യയിലെ ഇന്ത്യൻ എംബസി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എത്രയും വേഗം ഭൗതിക ശരീരം നാട്ടിലെത്തിക്കാൻ ഇടപെടണമെന്നും കത്തിൽ മുഖ്യമന്ത്രി ആവശ്യപ്പെട്ടു
കേന്ദ്ര വിദേശകാര്യ സഹമന്ത്രി എസ് ജയശങ്കറിനാണ് മുഖ്യമന്ത്രി കത്തയച്ചത്. മലയാളികളെ രക്ഷിക്കാൻ അടിയന്തര ഇടപെടലുകൾ വേണമെന്നും റഷ്യയിൽ എത്ര പേർ കുടുങ്ങിക്കിടക്കുന്നു എന്ന് കണ്ടെത്തണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. കേരളീയരായ സന്തോഷ് കാട്ടുകാലയ്ക്കൽ, ഷൺമുഖൻ, സിബി സൂസമ്മ ബാബു, റെനിൻ പുന്നക്കൽ തോമസ് എന്നിവർ ലുഹാൻസ്‌കിലെ സൈനിക ക്യാമ്പിൽ കുടുങ്ങി കിടക്കുന്നതായും റിപ്പോർട്ടുകളുണ്ട്
ഇവരെ രക്ഷിക്കുന്നതിനും അടിയന്തര ഇടപെടൽ വേണം. നിയമവിരുദ്ധ മാർഗങ്ങളിലൂടെയാണ് ഇവർ റഷ്യയിലെത്തിയതെന്നും ിപന്നീട് ഇവരെ യുദ്ധമുന്നണിയിൽ വിന്യസിക്കുകയാണെന്നുമാണ് അറിഞ്ഞത്. അനധികൃത റിക്രൂട്ട്‌മെന്റ് ഏജൻസികളും വ്യക്തികളും വഴി ഇത്തരത്തിൽ എത്ര പേർ റഷ്യയിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് കണ്ടെത്തണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു