പോത്തൻകോട് സുധീഷ് വധക്കേസ്: 11 പ്രതികൾക്കും ജീവപര്യന്തം തടവുശിക്ഷ

തിരുവനന്തപുരം പോത്തൻകോട് സുധീഷ് വധക്കേസിൽ 11 പ്രതികൾക്കും ജീവപര്യന്തം തടവുശിക്ഷ. ഇതിന് പുറമെ പ്രതികൾ ഒരു ലക്ഷം രൂപ വീതം പിഴയായും ഒടുക്കണം. പിഴത്തുക കൊല്ലപ്പെട്ട സുധീഷിന്റെ അമ്മയ്ക്ക് നൽകണം. ഇന്നലെ മുഴുവൻ പ്രതികൾക്കുമെതിരെ കൊലാപതക കുറ്റം തെളിഞ്ഞിരുന്നു
നെടുമങ്ങാട് പട്ടികജാതി-പട്ടിക വർഗ പ്രത്യേക കോടതിയാണ് പ്രതികളെ കുറ്റക്കാരെന്ന് കണ്ടെത്തിയത്. കുപ്രസിദ്ധ ഗുണ്ട ഒട്ടകം രാജേഷ് അടക്കം 11 പേരാണ് കേസിലെ പ്രതികൾ. പ്രതികളായ ഗുണ്ടകളെ ഭയന്ന് കേസിലെ സാക്ഷികൾ കൂട്ടത്തോടെ കൂറുമാറിയിരുന്നു
പ്രതികൾ സുധീഷിന്റെ വെട്ടിയെടുത്ത കാലുമായി പോകുന്നതിന്റെ അടക്കം സിസിടിവി ദൃശ്യങ്ങളും ശാസ്ത്രീയ തെളിവുകളുമാണ് കേസിൽ നിർണായകമായത്. 2021 ഡിസംബർ 11നാണ് മംഗലപുരം സ്വദേശി സുധീഷിനെ പ്രതികൾ വെട്ടിക്കൊന്നത്.
ഗുണ്ടാപ്പകയായിരുന്നു കൊലപാതകത്തിന് കാരണം. അക്രമി സംഘത്തെ കണ്ട് ഒരു വീട്ടിൽ കയറി ഒളിച്ച സുധീഷിനെ ഈ വീട്ടിൽ കയറിയാണ് പ്രതികൾ വെട്ടിക്കൊന്നത്. പിന്നാലെ സുധീഷിന്റെ വെട്ടിയെടുത്ത കാലുമായി ബൈക്കിൽ പോയി പ്രതികൾ ആഹ്ലാദ പ്രകടനം നടത്തുകയും ചെയ്തിരുന്നു.