മംഗല്യ താലി: ഭാഗം 68
രചന: കാശിനാഥൻ
ഹരി ബീനചേച്ചിയോട് വിശദീകരിക്കുവാൻ തുടങ്ങിയതും ഭദ്ര അവനെ നോക്കി കണ്ണുരുട്ടി.
മോളെ… അങ്ങനെ എന്തെങ്കിലും ആയിട്ടുണ്ടോടാ, ഉണ്ടെങ്കിൽ ചേച്ചിയോട് പറയണേ.
ഇല്ലേച്ചി… വിശേഷമൊന്നും ഇല്ല…
അത് പറയുമ്പോൾ അവൾക്ക് എന്തോ വല്ലായ്മ അനുഭവപ്പെട്ടു.
പോളേട്ടനും ഹരിയും കൂടി മുറ്റത്തേക്ക് ഇറങ്ങി പോയപ്പോൾ, ഭദ്രയോട് ഒന്നിച്ച് ബീന ചേച്ചി അടുക്കളയിലേക്കും നടന്നു.
മോളെ ഈ കാര്യങ്ങളൊക്കെ വെച്ച് താമസിപ്പിക്കരുത് കേട്ടോ, നിങ്ങളൊക്കെ ഇപ്പോഴത്തെ പിള്ളേരാണ്, ചിലപ്പോൾ തോന്നും പെട്ടെന്ന് വേണ്ടായിരുന്നു, ഒന്ന് രണ്ട് വർഷം കഴിഞ്ഞ്, ഒന്ന് സെറ്റിൽ ആയ ശേഷം മതി കുഞ്ഞൊക്കെ എന്ന്. പക്ഷേ ഒരു കാര്യമുണ്ട് കേട്ടോ ചിലപ്പോൾ നമ്മൾ വിചാരിക്കുമ്പോൾ നമ്മളുടെ കൈയിലേക്ക് കിട്ടണമെന്നില്ല . ഈ മുകളിലിരിയ്ക്കുന്ന പാർട്ടി കേറി പരീക്ഷിയ്ക്കും. ആൾക്ക് ഒരു രസം.. കാശ് വാരുന്നത് ആശുപത്രിയിക്കാരും. ചെറിയ എന്തെങ്കിലും കേസ് കാണുകയുള്ളൂ, പക്ഷേ ആശുപത്രിക്കാർക്കൊക്കെ ഇതാണല്ലോ ഇപ്പോഴത്തെ ഏറ്റവും വലിയ ബിസിനസ്. അവര് ഒരു നൂറ് തവണ നമ്മളെ നടത്തിക്കും, എന്നിട്ട് നന്നായിട്ട് നമ്മളെ പിഴിയുകയും ചെയ്യും. ഒരു കുഞ്ഞിനു വേണ്ടി ആയതുകൊണ്ട് നമ്മളും മാക്സിമം പണം ചിലവാക്കും..
അതാണ് നമ്മുടെ നാട്ടിൽ ഇപ്പോൾ കണ്ടുവരുന്നത്. അതുകൊണ്ട് നോക്കികണ്ടും രണ്ടാളും കൂടി എന്താണെന്ന് വെച്ചാൽ തീരുമാനിച്ചോണെ.
ബീന ചേച്ചി പറഞ്ഞപ്പോൾ ഭദ്ര മുഖം കുനിച്ചു നിൽക്കുകയാണ്.
മോൾക്ക് സങ്കടമായോ….. ചേച്ചി നിങ്ങളുടെ കാര്യത്തിൽ ഓവർ ആയിട്ട് ഇടപെട്ടു എന്ന് തോന്നരുത്… എന്റെ സ്വന്തം അനിയത്തിയെ പോലെ കണ്ടു പറയുന്നതാണ് കേട്ടോ.
എനിക്കറിയാം ചേച്ചി, ചേച്ചി പറയുന്നതിൽ ഒന്നും യാതൊരു തെറ്റുമില്ല. ഞങ്ങൾ ശ്രദ്ധിച്ചോളാം.
അവൾ മറുപടിയും കൊടുത്തു..
പോളേട്ടനും ബീന ചേച്ചിയും യാത്ര പറഞ്ഞു ഇറങ്ങിയപ്പോൾ ഭദ്രയും ഹരിയും കൂടി ഉമ്മർത്തു നിൽപ്പുണ്ടായിരുന്നു.
അവര് പോയ ശേഷം ഭദ്രയ്ക്കാണെങ്കിൽ ഹരിയുടെ മുഖത്തേക്ക് നോക്കുവാൻ വല്ലാത്ത ഒരു ബുദ്ധിമുട്ട് തോന്നി..
ചേച്ചി എന്തു പറഞ്ഞു. കുറെ നേരമായിരുന്നല്ലോ രണ്ടാളും കൂടി സംസാരം..?
ഹരി അവളോട് ചോദിച്ചു.
അങ്ങനെ പ്രത്യേകിച്ചൊന്നുമില്ല ഏട്ടാ, കുഞ്ഞുണ്ടാകുന്ന കാര്യത്തിൽ ഇനി വൈകിപ്പിക്കരുതെന്ന് പറഞ്ഞു. നമ്മുടെ പ്രശ്നങ്ങളും ദുഃഖങ്ങളും ഒക്കെ തീർന്ന ശേഷം കുഞ്ഞു മതിയെന്ന് കരുതിയിരുന്നൽ ആ സമയത്ത് നമുക്ക് കിട്ടണമെന്നില്ല എന്ന്..
ഹമ്… എന്നിട്ട് താൻ എന്തു പറഞ്ഞു.
ശ്രദ്ധിച്ചോളാം എന്ന്…..
എന്ത് ശ്രദ്ധിച്ചോളാം എന്ന്…
ഹരി കുറുമ്പോട് കൂടി അവളെ ഉറ്റുനോക്കി നിൽക്കുകയാണ്..
ഭദ്രയുടെ മുഖം ആണെങ്കിൽ അപ്പോളേക്കും ചുവന്നു തുടുത്തിരുന്നു..
ഇന്നുവരെയായിട്ടും , ഇദ്ദേഹത്ത് പോലും ഒന്ന് സ്പർശിപ്പിക്കുവാൻ താൻ എന്നെ സമ്മതിപ്പിച്ചിട്ടില്ല, ഹരി ഒരു പാവമായി പോയതുകൊണ്ട്, അല്ലായിരുന്നുവെങ്കിൽ കാണാമായിരുന്നു കേട്ടോ.പിന്നെ എന്താണ് ഇനി മാഡം ശ്രദ്ധിച്ചോളാം എന്ന് പറഞ്ഞത്..
അവൻ ചോദിച്ചതും ഭദ്ര വേഗം അകത്തേക്ക് കയറിപ്പോയി.
അതെയ്…. ഈ ഒളിച്ചു കളിയൊക്കെ അങ്ങ് നിർത്തിക്കോണം. രാത്രില് റൂമിൽ എത്തുമല്ലോ..അപ്പൊ കാണാം കേട്ടോ.. രണ്ടിലൊന്ന് അറിഞ്ഞിട്ട് ബാക്കി കാര്യമൊള്ളൂ. ബീന ചേച്ചിയുടെ സ്വപ്നം സാക്ഷാത്കരിക്കുവാൻ വേണ്ട എന്ത് സഹായവും ഞാൻ ചെയ്തു തരാം, ഒന്ന് സമ്മതിച്ചു തന്നേക്കണേ…. ഒരു പാവം പുരുഷു ആണ്.
ഹരി പറയുന്നത് കേട്ട് ചുണ്ടിൽ ഊറി വന്ന പുഞ്ചിരിയുമായി ഭദ്ര തുടുത്ത ഞാവൽ പഴം പോലെ, അതിലൂടെയൊക്കെ നടന്നു.
**
ഹരിയെ ആട്ടിഓടിച്ചതിനുള്ള ആദ്യ ത്തെ പ്രഹരം മഹാലക്ഷ്മിക്ക് പ്രതീക്ഷിച്ചതിനേക്കാൾ അപ്പുറം ആയിട്ടാണ് കിട്ടിയത്.
മരുമകളെ കൊണ്ട് അവർ ചെയ്യിപ്പിച്ച, ആദ്യത്തെ ഡീല് വമ്പൻ പരാജയം ആയിരുന്നു. ഒപ്പം ഈയൊരു ഒറ്റ കോൺട്രാക്ടിന്റെ പേരിൽ 45 കോടി രൂപയുടെ നഷ്ടവും വന്നു.
അവരുടെ കമ്പനിയുമായി ഏറ്റവും കൂടുതൽ ഡീലിംഗ്സ് നടത്തിക്കൊണ്ടിരുന്നത് PRK ഗ്രൂപ്പ് ആയിരുന്നു. ഓരോ വർഷവും ഹരിയുടെ ടേൺ ഓവർ ഇന്ക്രീസ് ചെയ്യുന്നതിനുള്ള പ്രധാന ഘടകവും ഈ ഗ്രൂപ്പ് ആയിരുന്നു. എന്നാൽ യാതൊരു തൊപ്പിയും അറിയാത്ത ഐശ്വര്യ എന്തൊക്കെയോ വിളിച്ചു കൂവി പറഞ്ഞപ്പോൾ അവർ കൈകൊടുത്ത് എഴുനേറ്റ് പിന്മാറി..
അമ്മയോട് ഞാൻ ആദ്യമേ പറഞ്ഞിരുന്നതാണ് ഈ വേണ്ടാത്ത പണിയ്ക്കൊന്നും പോകരുതെന്ന്. നമ്മളെക്കുറിച്ച് അവർക്ക് ഇപ്പോൾ മൈനസ് മാർക്ക്ആയില്ലേ, ഇനി പുതിയ എന്തെങ്കിലും കോൺട്രാക്ടിൽ ഏർപ്പെടാൻ അവർ വരുമെന്ന് അമ്മയ്ക്ക് തോന്നുന്നുണ്ടോ.
ഹരിയായിരുന്നപ്പോൾ എത്ര നല്ല രീതിയിലായിരുന്നു ഇതെല്ലാം കൈകാര്യം ചെയ്തത്.ഒക്കെ അമ്മയുടെ ഈ കുരുട്ടുബുദ്ധിയിൽ അവസാനിച്ചു… ഒന്നുമായിട്ടില്ല തുടങ്ങിയതേയുള്ളൂ…. കണ്ടോ അമ്മായിയമ്മയും മരുമകളും കൂടി ഇത് സീറോ ആക്കി തീർക്കും..
അനിരുദ്ധൻ ക്ഷുഭിതനായി വായിൽ വന്നതൊക്കെ വിളിച്ചു കൂവി.
അവൻ പറഞ്ഞിട്ട് പോലും മഹാക്ഷ്മിയും ഐശ്വര്യയും ഒന്നും കൂട്ടാക്കിയിരുന്നില്ല. സ്വന്തം ഇഷ്ടപ്രകാരം ചെയ്തിട്ട് അവസാനം എല്ലാം കുളമാക്കി കളഞ്ഞു.
എന്നിട്ടും യാതൊരു കൂസലും ഇല്ലാതെ മഹാലക്ഷ്മി ഇരിക്കുന്നത് കണ്ടപ്പോൾ അനിരുദ്ധന് അവരോട് ഉള്ള ദേഷ്യം കൂടി വന്നു.
എന്താണെന്ന് വെച്ചാൽ നിങ്ങൾ രണ്ടാളും കൂടി നടത്തിക്കോളൂ.. ഞാനെന്റെ വഴിക്ക് പോന്നു,,
അനിരുദ്ധൻ ചവിട്ടിത്തുള്ളി ഇറങ്ങിപ്പോകുന്നത് കണ്ടു മഹാലക്ഷ്മി ദേഷ്യത്തിൽ പല്ലിറുമ്മി.
***
ഭദ്രാ……
ഹരി വിളിച്ചപ്പോൾ ഭദ്ര കുളിയൊക്കെ കഴിഞ്ഞു ഉമ്മറത്ത് നിലവിളക്ക് കൊളുത്തുകയാണ്.
എന്താ ഏട്ടാ…..
ഞാൻ ഇപ്പൊ വരാം.. ഒരു പാർട്ടി എന്നെ കാണാൻ വന്നിട്ടുണ്ട്,, നമ്മുടെ ആ ജംഗ്ഷനിൽ നിൽപ്പുണ്ട് അയാള്.
ആരാണ് ഏട്ടാ…
അതു പിന്നെ നമ്മുട കമ്പനിയുമായി ഇടപാടുകൾ നടത്തുന്ന ഒരു പ്രധാനപ്പെട്ട ഗ്രൂപ്പ് ഉണ്ട്. PRK എന്നാണ് പേര്. അവിടുത്തെ മാനേജർ എന്നെ കാണാൻ വന്നേക്കുന്നു. ഞാൻ പോയിട്ട് വേഗം വരാം.
ഷർട്ടിന്റെ ബട്ടണുകൾ ഒന്നൊന്നായി ഇട്ടുകൊണ്ട് ഹരി വെളിയിലേക്ക് വരൂന്നുണ്ടായിരുന്നു. ഒപ്പം ഭദ്രയോടും വിളിച്ചുപറഞ്ഞു..
ഹമ്. പോയിട്ട് പെട്ടന്ന് വരണേ..
വരാം… ഇവിടെന്നു അഞ്ചു മിനിറ്റ് പോലും നടക്കേണ്ടല്ലോ. ഞാൻ പെട്ടന്ന് വരാം..
അവൻ മുറ്റത്തേയ്ക്ക് ഇറങ്ങി…
ബിഎംഡബ്ലിയുവിലും, ഫോർച്യൂണറിലും ഒക്കെ മാറിമാറി ചെന്നുകൊണ്ടിരുന്ന താൻ ഇപ്പൊ നടന്നുവരുന്നത് കാണുമ്പോൾ PRK മാനേജർ ആയ ശരൺ സാർ ഞെട്ടിപ്പോകുമെന്ന് ഓർത്തു ഹരി മുന്നോട്ട് വേഗത്തിൽ നടന്നു……കാത്തിരിക്കൂ………
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…