ശരീരം മുഴുവന്‍ സ്വര്‍ണാഭരണങ്ങള്‍ മൂടി നടക്കുന്ന മനോജ് സിംഗിനെ കാണുമ്പോള്‍ അഹങ്കാരിയെന്നും ആര്‍ഭാട മനുഷ്യനെന്നും നാം വിളിച്ചേക്കാം. എന്നാല്‍, കേട്ടാല്‍ ഞെട്ടുന്ന യുവ സംരംഭകരെയും തൊഴില്‍ തേടി നടക്കുന്നവരെയും പ്രചോദിപ്പിക്കുന്ന കഥയുണ്ട് മനോജ് സിംഗിന്. ജാര്‍ഖണ്ഡ് കാരനായ ഈ വ്യവസായി മുംബൈയിലെത്തി കഷ്ടപ്പെട്ട നാളുകളെ കുറിച്ചുള്ള വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
കുടുംബത്തിന്റെ കഷ്ടപ്പാടുകള്‍ മാറ്റാന്‍ മുംബൈയില്‍ ജോലിക്കെത്തിയ യുവാവായിരുന്ന മനോജ് സിംഗ് ചുമട് എടുത്തും മറ്റും കിടന്നുറങ്ങിയിരുന്നത് മുംബൈ തെരുവിലെ ഫൂട്ബാത്തിലായിരുന്നു. അവിടെന്ന് നിമിത്തം പോലെ തന്റെ ജീവിതത്തില്‍ വന്ന മാറ്റങ്ങളെ കുറിച്ച് ഓര്‍ത്തെടുക്കുകയാണ് ഈ വ്യവസായി.
എഴുന്നേറ്റ് നില്‍ക്കാന്‍ പോലും പറ്റാത്ത വിധം പ്രാരാബ്ദങ്ങള്‍ക്ക് നടുവില്‍ നിന്ന് വളര്‍ന്നുവെന്നതാണ് മനോജ്‌സിംഗിന്റെ പ്രത്യേകത.
ആരെയും അന്ധാളിപ്പിക്കുന്നതും ഒരുപാട് പേര്‍ക്ക് മോട്ടീവേഷന്‍ നല്‍കുന്നതുമാണ് സിനിമാ കഥ പോലുള്ള മനോജ് സിങിന്റെ ജീവിതം.
ജാര്‍ഖണ്ഡിലെ ഹസാരിബാഗ് ജില്ലയിലുള്ള കുത്ലു ഗ്രാമത്തിലാണ് മനോജ് സിങ് ജനിച്ചത്. സാമ്പത്തികമായി വളരെ പ്രയാസത്തിലുള്ള കുടുംബം. കരകയറണം എന്ന ലക്ഷ്യത്തില്‍ മുംബൈക്ക് വണ്ടി കയറി. നഗരത്തില്‍ ജോലി കണ്ടെത്തുക അത്ര എളുപ്പമായിരുന്നില്ല. ഒടുവില്‍ ചുമട്ടുതൊഴിലാളിയായി ജോലി കിട്ടി. ചരക്കുകള്‍ തോളില്‍ ചുമന്ന് ലക്ഷ്യസ്ഥാനത്തെത്തിച്ചാല്‍ നാണയത്തുട്ടുകള്‍ കിട്ടും.
പിന്നീട് നിമിത്തം പോലെ ട്രാന്‍സ്പോര്‍ട്ട് കമ്പനിയില്‍ ജോലി കിട്ടിയതോടെയാണ് ജീവിതം മാറിയത്. എത്തിപ്പെട്ട വ്യവസായ മേഖലയെ കുറിച്ച് വിശദമായി പഠിച്ചു. രാത്രിയും പകലുമില്ലാതെ ജോലി ചെയ്തു. പുതിയ ബന്ധങ്ങള്‍ സ്ഥാപിച്ചു. 2010ല്‍ സ്വന്തമായി ഒരു സ്ഥാപനം തുടങ്ങി. മുംബൈക്കും രാജ്കോട്ടിനുമിടയില്‍ ചരക്കുകള്‍ കൊണ്ടുപോകുന്ന പുതിയ സംരംഭമായിരുന്നു അത്. പതിയെ കമ്പനി മെച്ചപ്പെട്ടു. ഇന്ന് 100 ലോറികളുള്ള കമ്പനിയാണ് മനോജ് സിങിന്റേത്. 500ലധികം പേര്‍ ജോലി ചെയ്യുന്നു. മഹാരാഷ്ട്രയിലെ പ്രധാന ധനികരില്‍ ഒരാളായി മാറി ഇദ്ദേഹം.
തന്റെ ബിസിനസ് പുതിയ തലത്തിലേക്ക് എത്തിക്കാന്‍ അദ്ദേഹം ബി ജെ പിയിലും ചേര്‍ന്നു. വാജ്‌പേയിയുടെ നൂറാം ജന്മദിനത്തില്‍ സ്വര്‍ണം കൊണ്ട് മൂടി വേദിയിലെത്തിയ മനോജ് സിംഗ് അന്ന് വാര്‍ത്തയില്‍ ഇടം നേടിയിരുന്നു.