എനിക്ക് പാക്കിസ്ഥാനിയെ വിവാഹം ചെയ്യണം; ജ്യോതി മൽഹോത്രയും പാക് ചാര സംഘടന ഉദ്യോഗസ്ഥനും തമ്മിലുള്ള വാട്സാപ്പ് ചാറ്റ് പുറത്ത്

പാക്കിസ്ഥാന് വേണ്ടി ചാരവൃത്തി നടത്തിയ കേസിൽ അറസ്റ്റിലായ ട്രാവൽ വ്ളോഗർ ജ്യോതി മൽഹോത്രയും പാക് ചാരസംഘടനയായ ഐഎസ്ഐയുടെ ഉദ്യോഗസ്ഥനും തമ്മിലുള്ള വാട്സാപ്പ് ചാറ്റുകൾ പുറത്ത്. എനിക്ക് പാക്കിസ്ഥാനില് വിവാഹിതയാകണം എന്നാണ് ഇവർ തമ്മിലുള്ള ഒരു ചാറ്റിൽ ജ്യോതി മൽഹോത്ര പറയുന്നത്. പാക്കിസ്ഥാനോടുള്ള വൈകാരിക ബന്ധവും വിധേയത്വവും ജ്യോതിക്കുണ്ടെന്ന് തെളിയിക്കുന്നതാണ് പുറത്തുവന്ന ചാറ്റുകൾ.
ജ്യോതിയെ പോലീസ് ചോദ്യം ചെയ്യുന്നത് തുടരുകയാണ്. ഹരിയാന ഹിസാർ നിവാസിയാണ് ജ്യോതി മൽഹോത്ര. ട്രാവൽ വിത്ത് ജോ എന്ന യൂട്യൂബ് ചാനൽ നടത്തിയിരുന്ന ഇവരെ കഴിഞ്ഞാഴ്ചയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പാക് ചാര സംഘടനയായ ഐഎസ്ഐയിലെ അലി ഹസൻ എന്നയാളുമായുള്ള വാട്സാപ്പ് ചാറ്റുകളാണ് പോലീസ് കണ്ടെത്തിയത്. അലി ഹസനുമായി ഇവർ നിരന്തരം ബന്ധപ്പെട്ടിരുന്നതായാണ് ചാറ്റുകളിൽ നിന്നും വ്യക്തമാകുന്നത്.
ഹസനോട് എനിക്ക് പാക്കിസ്ഥാനിൽ വിവാഹിതയാകണമെന്നാണ് 33കാരിയായ ജ്യോതി ഒരു ചാറ്റിൽ പറയുന്നത്. ഇരുവരും തമ്മിൽ കോഡ് ഭാഷയിൽ നിരവധി സംഭാഷണങ്ങൾ നടത്തിയതായും ഇന്ത്യയുടെ അണ്ടർ കവർ ഓപറേഷനുകളെ കുറിച്ചാണ് ഇത്തരത്തിൽ ഇവർ കോഡ് ഭാഷയിൽ ചാറ്റ് ചെയ്തിരുന്നത്. അന്വേഷണത്തിനിടെ ജ്യോതിയുടെ നാല് ബാങ്ക് അക്കൗണ്ടുകളെ കുറിച്ചുള്ള വിവരങ്ങൾ കണ്ടെത്തിയതായും പോലീസ് അറിയിച്ചു. ദുബൈയിൽ നിന്നുള്ള ഇടപാടുകളും ഒരു അക്കൗണ്ടിൽ കണ്ടെത്തിയിട്ടുണ്ട്
ജ്യോതിയുടെ സാമ്പത്തിക സ്രോതസ്സുകളെ കുറിച്ച് അറിയാനായി അന്വേഷണ ഏജൻസികൾ ഇവരുടെ എല്ലാ ബാങ്ക് അക്കൗണ്ടുകളും പരിശോധിക്കുന്നുണ്ട്. ഇൻസ്റ്റഗ്രാമിൽ ഒരു ലക്ഷത്തിലധികം ഫോളോവേഴ്സുള്ള ജ്യോതി രണ്ട് തവണ പാക്കിസ്ഥാൻ സന്ദർശിച്ചിരുന്നു. ഈ യാത്രകളിലാണ് ഡൽഹിയിലെ പാക് ഹൈക്കമ്മീഷൻ ഉദ്യോഗസ്ഥനായ റഹീമുമായി പരിചയപ്പെടുന്നത്. റഹീമാണ് ജ്യോതിയെ പാക് ഇന്റലിജൻസ് ഉദ്യോഗസ്ഥർക്ക് പരിചയപ്പെടുത്തിയത്.
പിന്നീട് ജ്യോതി നിരന്തരം പാക് ഹാൻഡ്ലർമാരുമായി ബന്ധം പുലർത്തുകയും ഇന്ത്യൻ സൈന്യത്തിന്റെ നീക്കത്തെ കുറിച്ചുള്ള തന്ത്രപ്രധാന വിവരങ്ങൾ ഇവർക്ക് കൈമാറുകയും ചെയ്തു. ആദ്യം ജ്യോതിയുടെ പിതാവ് മകൾ പാക്കിസ്ഥാനിൽ പോയത് വീഡിയോ ഷൂട്ട് ചെയ്യാനാണെന്ന് പ്രതികരിച്ചിരുന്നു. എന്നാൽ പിന്നീട് അദ്ദേഹം തന്റെ മൊഴി തിരുത്തി. ഡൽഹിയിലേക്കാണ് പോയിരുന്നതെന്നാണ് മകൾ തന്നോട് പറഞ്ഞിരുന്നത് എന്നാണ് പിതാവ് നിലവിൽ പറയുന്നത്. അടുത്തിടെ പന്ത്രണ്ട് പേരാണ് ചാരവൃത്തി കുറ്റത്തിന് രാജ്യത്ത് പിടിയിലായത്. ഹരിയാന, പഞ്ചാബ്, യുപി സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് ചാരക്കേസിൽ അറസ്റ്റിലായത്.