അധ്യാപക ദമ്പതിമാരുടെയും കുട്ടികളുടെയും കൂട്ടആത്മഹത്യ: സാമ്പത്തിക പ്രതിസന്ധിമൂലമെന്ന് പ്രാഥമിക നിഗമനം
കൊച്ചി: ചോറ്റാനിക്കര തിരുവാണിയൂര്‍ പഞ്ചായത്തിലെ കക്കാട് സ്വദേശിയായ രഞ്ജിത്ത്-രശ്മി ദമ്പതിമാരെയും ഇവരുടെ രണ്ട് മക്കളേയുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. രാവിലെയായിരുന്നു മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
പൂത്തോട്ട സിബിഎസ്ഇ സ്‌കൂളിലെ അധ്യാപികയാണ് രശ്മി. സംസ്‌കൃതം അധ്യാപകനാണ് രഞ്ജിത്ത്. അതേ സ്‌കൂളില്‍ തന്നെയാണ് മക്കളും പഠിക്കുന്നത്. കുടുംബത്തിന് സാമ്പത്തിക ബാധ്യതകളുണ്ടായിരുന്നുവെന്നാണ് അയല്‍ക്കാരും പറയുന്നത്.
ഇരുവരും സ്‌കൂളിലെത്തിയിട്ടില്ല, വിളിച്ചിട്ട് കിട്ടുന്നില്ലെന്നറിയിച്ച് സ്‌കൂളിലെ അധ്യാപകര്‍ അയല്‍ക്കാരെ ഫോണ്‍ വിളിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മരണവിവരം പുറത്തറിയുന്നത്. വീടിന്റെ ഗേറ്റ് ചാരിയിട്ടിരുന്നു. കോളിങ് ബെല്‍ അടിച്ചിട്ടും വാതില്‍ തുറന്നില്ല. കുറച്ചുനേരം കാത്തിരുന്നതിന് ശേഷം വാതിലില്‍ തട്ടിയപ്പോള്‍ വാതില്‍ തുറന്നുവന്നു. അകത്ത് കയറി നോക്കിയപ്പോഴാണ് രശ്മിയേയും രഞ്ജിത്തിനേയും മരിച്ചനിലയില്‍ കണ്ടത്. കുട്ടികള്‍ രണ്ടും കട്ടിലില്‍ കിടക്കുന്ന നിലയിലായിരുന്നു.
സ്ഥലത്ത് നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയതായി പോലീസ് പറഞ്ഞു. സാ്മ്പത്തിക ബാധ്യതയെ തുടര്‍ന്നാണ് ആത്മഹത്യയെന്നാണ് പ്രാഥമിക വിലയിരുത്തല്‍. വിശദമായ അന്വേഷണത്തിന് ശേഷം മാത്രമേ കൂടുതല്‍ എന്തെങ്കിലും പറയാന്‍ സാധിക്കുകയുള്ളൂവെന്ന് പോലീസ് പറഞ്ഞു. മൃതദേഹങ്ങള്‍ക്കടുത്ത് നിന്നാണ് കുറിപ്പ് കണ്ടെത്തിയത്. ശരീരം വൈദ്യപഠനത്തിനായി മെഡിക്കല്‍ കോളേജിന് വിട്ടുകൊടുക്കണമെന്ന് കുറിപ്പില്‍ പറയുന്നു.