
ദുബായ്: ദുബായ് അൽ അവിറിലെ പ്രമുഖ ഓട്ടോ മാർക്കറ്റിൽ വൻ തീപിടിത്തം. നിരവധി കാറുകൾക്ക് നാശനഷ്ടം സംഭവിച്ചു. തീപിടിത്തമുണ്ടായതിനെ തുടർന്ന് പ്രദേശം പൂർണ്ണമായും അടച്ചിട്ട് സുരക്ഷ ഉറപ്പാക്കി. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
രാവിലെയാണ് സംഭവം. തീ അതിവേഗം പടർന്നതോടെ സമീപത്തെ മറ്റ് ഷോറൂമുകളിലേക്കും കാറുകളിലേക്കും പടർന്നു. വിവരം അറിഞ്ഞയുടൻ ദുബായ് സിവിൽ ഡിഫൻസിന്റെ അഗ്നിരക്ഷാ സേനാംഗങ്ങൾ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. സമീപത്തെ ഷോറൂമുകളിലേക്ക് തീ പടരുന്നത് തടയാൻ കഴിഞ്ഞത് വലിയ ദുരന്തം ഒഴിവാക്കി.
അഗ്നിബാധയുടെ കാരണം കണ്ടെത്താൻ പോലീസ് അന്വേഷണം ആരംഭിച്ചു. ഷോർട്ട് സർക്യൂട്ടോ മറ്റെന്തെങ്കിലും സാങ്കേതിക തകരാറോ ആകാനാണ് സാധ്യതയെന്ന് പ്രാഥമിക നിഗമനം. ഈ മേഖലയിലെ കാർ ഷോറൂമുകളുള്ള റോഡ് സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി അടച്ചുപൂട്ടിയിരിക്കുകയാണ്.
കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല. എങ്കിലും, വലിയ സാമ്പത്തിക നഷ്ടമുണ്ടായതായാണ് റിപ്പോർട്ട്. ദുബായിലെ പ്രധാന കാർ ഷോറൂം കേന്ദ്രങ്ങളിൽ ഒന്നാണ് അൽ അവിർ. അതിനാൽ തന്നെ, തീപിടിത്തം പ്രദേശത്തെ വാഹന വ്യാപാര മേഖലയെ സാരമായി ബാധിച്ചേക്കാം.