World
ജറുസലേമിൽ വൻ തീപിടിത്തം; 2900 ഏക്കറോളം വനം കത്തിനശിച്ചു, തീയണക്കാനുള്ള ശ്രമം തുടരുന്നു

ഇസ്രായേലിലെ ജറുസലേമിൽ വൻ തീപിടിത്തം. ആയിരക്കണക്കിന് ഏക്കർ വനം കത്തിനശിച്ചതായാണ് വിവരം. ജറുസലേം കുന്നുകളിലാണ് ആദ്യം തീപിടിത്തമുണ്ടായത്. തുടർന്ന് അതിവേഗം കാട്ടുതീ വ്യാപിച്ച് അഞ്ചോളം സ്ഥലങ്ങളിലേക്ക് തീ പടരുകയായിരുന്നു. ഇതുവരെ 2900 ഏക്കർ വനം കത്തിനശിച്ചതായാണ് വിവരം.
ബുധനാഴ്ചയാണ് തീപിടിത്തം ആരംഭിച്ചത്. കാട്ടുതീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. കാട്ടുതീ ജറുസലേം നഗരത്തിലേക്കും വ്യാപിക്കാൻ സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു മുന്നറിയിപ്പ് നൽകി.
കാട്ടുതീയെ തുടർന്ന് ടെൽ അവീവിനെ ജറുസലേമുമായി ബന്ധിപ്പിക്കുന്ന പ്രധാന ഹൈവേ അടച്ചു. പുക ശ്വസിച്ച് ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് നിരവധി പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലാത്രൂൻ, നെവേ ഷാലോം, എസ്റ്റോൾ വനങ്ങളിലാണ് തീ പടരുന്നത്.