ജിമെയിൽ കേന്ദ്രീകരിച്ചും വൻ തട്ടിപ്പ്; സ്റ്റോറേജ് സ്പേസ് കഴിഞ്ഞു, അക്കൗണ്ട് റദ്ദാക്കും: മുന്നറിയിപ്പുമായി കേരള പോലീസ്

തിരുവനന്തപുരം: ജിമെയിൽ അക്കൗണ്ട് ഉപഭോക്താക്കളെ (gmail account scam) കേന്ദ്രീകരിച്ച് വൻ തട്ടിപ്പ് നടക്കുന്നതായി കേരള പോലീസ് (kerala police). ഇത്തരത്തിൽ പുതിയ തട്ടിപ്പ് നടക്കുന്നുണ്ടെന്നും ഇതിനെതിരെ എല്ലാവരും ജാഗ്രത പാലിക്കണമെന്നും കേരള പോലീസ് മുന്നറിയിപ്പ് നൽകി. ഈമെയിലിൽ സ്റ്റോറേജ് സ്പേസ് തീർന്നെന്നും അതിനാൽ അക്കൗണ്ട് റദ്ദാക്കാൻ പോകുകയാണെന്നുമാണ് സന്ദേശം ലഭിക്കും.
https://www.facebook.com/share/17v2xwZSef/
ഇത്തരത്തിൽ ഉപഭോക്താക്കളെ സമീപിക്കുന്ന തട്ടിപ്പുകാർ അക്കൗണ്ട് റീസ്റ്റോർ ചെയ്യാനായി ഇമെയിലിനോടൊപ്പം ഒരു ലിങ്കും അയയ്ക്കുന്നതാണ്. ഈ ലിങ്കിൽ ക്ലിക്ക് ചെയ്യണമെന്നാ സന്ദേശത്തിന്റെ ഉള്ളടക്കം. ഈ ലിങ്കിൽ നമ്മൾ ക്ലിക്ക് ചെയ്താൽ തട്ടിപ്പുകാരുടെ വെബ്സൈറ്റിലേക്ക് എത്തുന്നു. തുടർന്ന് അതുവഴി കമ്പ്യൂട്ടറിലേക്ക് വൈറസുകളോ മാൽവെയറുകളോ കയറുകയോ അല്ലെങ്കിൽ ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെട്ട വിവരങ്ങൾ നൽകുന്നതിന് പിന്നാലെ പണം നഷ്ടപ്പെടുകയോ ചെയ്യുന്നു.
ഗൂഗിളിന്റെ പേരിൽ വരുന്ന സന്ദേശം ആയതുകൊണ്ട് പലരും വിശ്വസിക്കുകയും ലിങ്കിൽ ക്ലിക്ക് ചെയ്യുകയും അതിലൂടെ പണം നഷ്ടപ്പെടാനും സാധ്യത ഏറെയാണ്. എന്നാൽ ആർക്കെങ്കിലും ഇത്തരത്തിലുള്ള ഈമെയിൽ ലഭിച്ചാൽ ഉടൻതന്നെ ഗൂഗിൾ അക്കൗണ്ട് സെറ്റിംഗ്സിൽ സ്റ്റോറേജ് വിവരങ്ങൾ പരിശോധിക്കണമെന്നാണ് പോലീസിൻ്റെ മുന്നറിയിപ്പ്. ഒരിക്കലും ഇമെയിൽ വഴി ലഭിക്കുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്നും മുന്നറിയിപ്പിൽ പറയുന്നു. സാമ്പത്തിക തട്ടിപ്പിനിരയായാൽ ഉടൻതന്നെ 1930 എന്ന നമ്പറിൽ വിവരം അറിയിക്കുകയും വേണമെന്ന് പോലീസ് അറിയിച്ചു.