മെക്7 വിവാദം; നിലപാട് മയപ്പെടുത്തി സിപിഎം
കോഴിക്കോട്: മെക് 7 വ്യായാമ പരിശീലനത്തിനെത്തുന്നത് തീവ്രവാദികളാണെന്ന ആരോപണം സിപിഎം നേതാവ് പി മോഹനൻ തിരുത്തി. അപൂർവം ചിലയിടങ്ങളിൽ അത്തരക്കാർ നുഴഞ്ഞു കയറുന്നുവെന്നാണ് താൻ പറഞ്ഞതെന്ന് പി മോഹനൻ ഞായറാഴ്ച പറഞ്ഞു. വ്യായാമ പരിശീലന പരിപാടിയെ സംശയത്തിന്റെ നിഴലിൽ നിർത്തിയയത് ശരിയല്ല എന്ന പാർട്ടിക്കുള്ളിലെ നിലപാട് പരിഗണിച്ചാണ് ഇപ്പോൾ പി മോഹനൻ തിരുത്തുമായി വന്നത്. ജീവിത ശൈലി രോഗങ്ങൾക്കെതിരെ കരുതലായി ആരംഭിച്ച വ്യായാമ കൂട്ടായ്മയാണ് മെക് സെവൻ എന്നും അതിനെ എതിർക്കേണ്ട കാര്യമില്ലെന്നും പി മോഹനൻ പറഞ്ഞു.
വ്യായാമ കൂട്ടായ്മക്ക് പിന്നിൽ ജമാഅത്തെ ഇസ്ലാമിയുടെയും പോപ്പുലർ ഫ്രണ്ടിന്റെയും അജണ്ടകൾ ആണെന്ന് വാർത്തകൾ പുറത്തുവരികയും, സിപിഎമ്മും എ പി വിഭാഗം സുന്നികളും ഇതിനെതിരെ ശക്തമായി രംഗത്ത് എത്തുകയും ചെയ്തിരുന്നു. പിന്നാലെ മതസംഘടനകളും ബിജെപിയും അതിനെ പിന്തുണച്ചിരുന്നു. തീവ്ര സ്വഭാവമുള്ള ശക്തികൾ ഇത്തരം സംഘടനകളിൽ കയറിപ്പറ്റി നാടിൻറെ മതനിരപേക്ഷതയെ തകർക്കാൻ ശ്രമിക്കുന്നവരാണ്. അതിനെതിരെ പൊതുസമൂഹം ജാഗ്രത പുലർത്തണമെന്നാണ് നേരത്തെ പറഞ്ഞതെന്നും മെക് സെവനെതിരെ ആരോപണമില്ലെന്നും പി മോഹനൻ പറഞ്ഞു.
പി മോഹനൻ നേരത്തെ ഉയർത്തിയ പരാമർശങ്ങളിൽ പാർട്ടിയിലും മുന്നണിക്കുള്ളിലും എതിർപ്പുയർന്നിരുന്നു. തുടർന്ന് അഹമ്മദ് ദേവർകോവിൽ എംഎൽഎ മെക് സെവൻ വ്യായാമ കൂട്ടായ്മയ്ക്ക് ദുരുദ്ദേശ്യം ഉള്ളതായി കരുതുന്നില്ല. മന്ത്രി മുഹമ്മദ് റിയാസ് അടക്കം നേരത്തെ മെക് സെവന് പിന്തുണ നൽകിയ നേതാക്കൾ മോഹനൻറെ നിലപാടിന് പിന്തുണ നൽകാൻ തയ്യാറായില്ല എന്നതും ശ്രദ്ധേയമാണ്. വ്യായാമത്തിലുടെ രൂപപ്പെടുന്ന സൗഹൃദവും, ബന്ധവും ചൂഷണം ചെയ്ത് മത സംഘടനകൾ പുതിയ കൂട്ടായ്മ രൂപപ്പെടുത്തും എന്നാണ് സംഘപരിവാർ സംഘടനകൾ അടക്കമുള്ളവരുടെ വിമർശനം. ആരോഗ്യ സംരക്ഷണത്തിനുള്ള കൂട്ടായ്മകൾ നല്ലതാണെന്ന് പി മോഹനൻ പറഞ്ഞു