മാലേഗാവ് സ്ഫോടനക്കേസ്: പ്രഗ്യാ സിംഗ് ഠാക്കൂർ അടക്കം ഏഴ് പ്രതികളെയും വെറുതെവിട്ടു

ഏറെ വിവാദമായ മാലേഗാവ് സ്ഫോടനക്കേസിൽ ഏഴ് പ്രതികളെയും കോടതി വെറുതെവിട്ടു. ബിജെപി നേതാവ് പ്രഗ്യാ സിംഗ് ഠാക്കൂർ, മുൻ സൈനിക ഉദ്യോഗസ്ഥൻ ലെഫ്. കേണൽ പ്രസാദ് പുരോഹിത്, മുൻ മേജർ രമേശ് ഉപാധ്യായ, അജയ് രഹിർക്കർ, സുധാകർ ദ്വിവേദി, സുധാകർ ചതുർവേദി, സമീർ കുൽക്കർണി എന്നിവരെയാണ് മുംബൈയിലെ എൻഐഎ കോടതി കുറ്റവിമുക്തരാക്കിയത്
2008 സെപ്റ്റംബർ 29നാണ് മാലേഗാവിലെ ബിക്കു ചൗക്കിന് സമീപം സ്ഫോടനമുണ്ടായത്. മോട്ടോർ സൈക്കിളിൽ ഘടിപ്പിച്ച ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു. ആറ് പേർ സ്ഫോടനത്തിൽ കൊല്ലപ്പെട്ടു. നൂറിലേറെ പേർക്ക് പരുക്കേറ്റു.
വർഗീയസംഘർഷം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ന്യൂനപക്ഷങ്ങൾ കൂടുതലുള്ള മാലേഗാവിൽ റംസാൻ മാസത്തിൽ സ്ഫോടനം ആസൂത്രണം ചെയ്ത് നടപ്പാക്കിയെന്നാണ് എൻഐഎ കണ്ടെത്തൽ. എടിഎസ് അന്വേഷിച്ച കേസ് 2011ലാണ് എൻഐഎ ഏറ്റെടുത്തത്. 17 വർഷത്തിന് ശേഷമാണ് കേസിൽ വിധി പറയുന്നത്.