ഗംഗാവലി പുഴയിൽ നിന്ന് ലോഹഭാഗങ്ങളും കയറും കണ്ടെത്തി; അർജുന്റെ ലോറിയുടേത് ആകാമെന്ന് നേവി
കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ലോറി ഡ്രൈവർ അർജുന് വേണ്ടിയുള്ള തെരച്ചിൽ പുരോഗമിക്കുന്നതിനിടെ ഗംഗാവലി പുഴയിൽ നിന്ന് ലോറിയുടേതെന്ന് കരുതുന്ന ലോഹഭാഗങ്ങളും കയറും കണ്ടെത്തി. നാവികസേനയുടെ ഡൈവർമാരാണ് മൂന്ന് ലോഹഭാഗങ്ങളും കയറിന്റെ ഭാഗവും കണ്ടെത്തിയത്. ഇത് അർജുന്റെ ലോറിയുടേതാകാമെന്നാണ് നേവി പറയുന്നത്
ലോറിയുണ്ടെന്ന് സംശയിക്കുന്ന മൂന്ന് സ്‌പോട്ടുകളിലാണ് ബുധനാഴ്ച തെരച്ചിൽ നടക്കുന്നത്. ഇതിൽ ഒന്ന്, രണ്ട് സ്‌പോട്ടുകളിലാണ് പ്രധാനമായും പരിശോധന. ഇവിടെ നിന്നാണ് ലോറിയുടെ ലോഹഭാഗങ്ങൾ കണ്ടെത്തിയിരിക്കുന്നത്. ഈ മേഖല കേന്ദ്രീകരിച്ച് തെരച്ചിൽ തുടരുമെന്ന് നാവികസേന അറിയിച്ചു
അതേസമയം പുഴയിൽ നിന്ന് കണ്ടെത്തിയ കയർ അർജുന്റെ ലോറിയുടേത് തന്നെയെന്ന് ലോറി ഉടമ മനാഫും സ്ഥിരീകരിച്ചു. മത്സ്യത്തൊഴിലാളി ഈശ്വർ മാൽപെയുടെ നേതൃത്വത്തിലുള്ള സംഘവും സ്ഥലത്ത് പരിശോധന നടത്തുന്നുണ്ട്.