മിഥുന്റെ സംസ്കാരം നാളെ വൈകിട്ട്; രാവിലെ 10 മണി മുതൽ സ്കൂളിൽ പൊതു ദർശനം

കൊല്ലം തേവലക്കര സ്കൂളിൽ ഷോക്കേറ്റ് മരിച്ച എട്ടാം ക്ലാസ് വിദ്യാർഥി മിഥുന്റെ(13) സംസ്കാരം നാളെ നടക്കും. രാവിലെ 10 മണിയോടെ മൃതദേഹം സ്കൂളിൽ പൊതുദർശനത്തിന് വെക്കും. നാല് മണിയോടെയാണ് സംസ്കാരം നടക്കുക. മിഥുന്റെ അമ്മ നാളെ നാട്ടിലെത്തുമെന്നാണ് വിവരം
നിലവിൽ തുർക്കിയിലുള്ള മാതാവ് സുജ വൈകിട്ട് ആറ് മണിയോടെ കുവൈത്തിലേക്ക് പോകും. രാത്രി 9.30ന് കുവൈത്തിൽ എത്തിയതിന് ശേഷം പുലർച്ചെ 1.15നുള്ള ഇൻഡിഗോ വിമാനത്തിൽ കൊച്ചിയിലേക്ക് പുറപ്പെടും. രാവിലെ 8.55ഓടെ ഇവർ കൊച്ചിയിൽ എത്തും.
ഉച്ചയ്ക്ക് രണ്ട് മണിയോടെ സുജ വീട്ടിലെത്തുമെന്നാണ് കരുതുന്നത്. ഇന്നലെയാണ് മിഥുൻ ഷോക്കേറ്റ് മരിച്ചത്. സൈക്കിളുകൾ വെക്കുന്നതിന് നിർമിച്ച ഷെഡിന് മുകളിൽ പോയ ചെരുപ്പ് എടുക്കാൻ കയറിയതായിരുന്നു കുട്ടി. ഷെഡിന് മുകളിലൂടെയാണ് വൈദ്യുതി ലൈൻ കടന്നുപോകുന്നത്. കാൽ തെന്നിയപ്പോൾ കുട്ടി അബദ്ധത്തിൽ വൈദ്യുതി കമ്പിയിൽ കയറി പിടിക്കുകയും ഷോക്കേൽക്കുകയുമായിരുന്നു.