ഘര്‍വാപസി നടത്തിയതിനാല്‍ ആദിവാസികള്‍ ദേശവിരുദ്ധരായില്ലെന്ന്; പ്രണാബ് മുഖര്‍ജിയെ ഉദ്ധരിച്ച് ആര് എസ് എസ് മേധാവി
ഘര്‍വാപസിയെ മുഖര്‍ജി പിന്തുണച്ചിരുന്നുവെന്ന് മോഹന്‍ ഭാഗവത്
ഘര്‍വാപസി നടത്തിയത് കൊണ്ടാണ് രാജ്യത്തെ 30 ശതമാനം ആദിവാസികള്‍ ദേശവിരുദ്ധര്‍ ആകാതിരുന്നതെന്ന് മുന്‍ രാഷ്ട്രപതിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന പ്രണാബ് മുഖര്‍ജി വ്യക്തമാക്കിയിരുന്നതായി ആര് എസ് എസ് മേധാവി മോഹന്‍ ഭാഗവത്.
മതം മാറിയവരെ ഹിന്ദു മതത്തിലേക്ക് തിരിച്ചെത്തിക്കാന്‍ സംഘപരിവാര്‍ നടത്തുന്ന ഘര്‍ വാപസി ശ്രമങ്ങളെ മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി പിന്തുണച്ചിരുന്നതായും കഴിഞ്ഞ ദിവസം ഇന്‍ഡോറില്‍ നടന്ന ചടങ്ങില്‍ മോഹന്‍ ഭാഗവത് വ്യക്തമാക്കി.
ആദിവാസികളെ തിരികെ കൊണ്ടുവന്നില്ലായിരുന്നെങ്കില്‍ അവര്‍ ദേശവിരുദ്ധരാകുമായിരുന്നു എന്ന് പ്രണബ് മുഖര്‍ജി തന്നോട് പറഞ്ഞിരുന്നു. ‘ഘര്‍ വാപസിയെ ചൊല്ലി പാര്‍ലമെന്റില്‍ വലിയ ബഹളം നടക്കുന്ന കാലത്ത് ഡോ. പ്രണബ് മുഖര്‍ജിയെ കാണാന്‍ എനിക്ക് അവസരം ലഭിച്ചു.നിങ്ങള്‍ അത് ചെയ്തതുകൊണ്ട് 30 ശതമാനം ആദിവാസികള്‍…. അദ്ദേഹം പറഞ്ഞു. ഞാന്‍ ചോദിച്ചു, ക്രിസ്ത്യാനികള്‍ ആയില്ല എന്നാണോ എന്ന്. അല്ല, ദേശവിരുദ്ധര്‍ ആയില്ല എന്നാണ് പ്രണബ് മുഖര്‍ജി അതിന് മറുപടി നല്‍കിയത്.’
സ്വന്തം ഇഷ്ടപ്രകാരമുള്ള മതംമാറ്റത്തിന് എതിരല്ലെന്നും എന്നാല്‍ നിര്‍ബന്ധിച്ചുള്ള മതം മാറ്റത്തിന് പിന്നില്‍ സ്വാര്‍ഥ താത്പര്യങ്ങള്‍ ഉണ്ടെന്നും അതിനെ എതിര്‍ക്കുമെന്നും മോഹന്‍ ഭാഗവത് വ്യക്തമാക്കി.