അബൂദബിയില്‍ നിന്ന് കണ്ണൂര്‍ വഴി കേരളത്തിലേക്കെത്തിയ പ്രവാസിക്ക് മങ്കി പോക്‌സ് സ്ഥിരീകരിച്ചു. വയനാട് സ്വദേശിക്കാണ് പകര്‍ച്ചവ്യാധിയായ മങ്കി പോക്‌സ് സ്ഥിരീകരിച്ചത്. രോഗ ലക്ഷണം കണ്ടതോടെ ഇയാളെ കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു.
ചികിത്സയിലിരിക്കെയാണ് രോഗിയുടെ രക്തസാമ്പിളുകള്‍ പരിശോധനക്കയച്ചത്. വ്യാഴാഴ്ചയാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വിമാനത്താവളത്തിലെത്തിയ ഇദ്ദേഹത്തിന് കനത്ത പനിയും ശരീരത്തില്‍ പ്രകടമായ മാറ്റങ്ങളും കണ്ടതോടെയാണ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നത്.
ഇദ്ദേഹത്തോടൊപ്പം യാത്ര ചെയ്ത ഒരാള്‍ക്കും സമാനമായ അസുഖം ഉണ്ടെന്നാണ് സംശയം. ഇദ്ദേഹത്തിന്റെ രക്ത സാമ്പിളുകള്‍ പരിശോധനക്ക് അയച്ചിട്ടുണ്ട്. ഇതിന്റെ ഫലം വന്നാല്‍ മാത്രമെ ഇക്കാര്യത്തില്‍ സ്ഥിരീകരണമുണ്ടാകുകയുള്ളൂ. അതേസമയം, ഇരുവരുടെയും ആരോഗ്യ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
ആരംഭത്തില്‍ മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്ന ഒരു ജന്തുജന്യ രോഗമായിരുന്നു എംപോക്സ്. എന്നാല്‍ ഇപ്പോള്‍ മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് നേരിട്ട് പകരുന്ന രോഗമാണിത്. തീവ്രത കുറവാണെങ്കിലും 1980ല്‍ ലോകമെമ്പാടും ഉന്മൂലനം ചെയ്യപ്പെട്ടതായി പ്രഖ്യാപിക്കപ്പെട്ട ഓര്‍ത്തോപോക്സ് വൈറസ് അണുബാധയായ വസൂരിയുടെ ലക്ഷണങ്ങളുമായി എംപോക്സ് ലക്ഷണങ്ങള്‍ക്ക് സാദൃശ്യമുണ്ട്.