ബംഗ്ലാദേശി രോഗികൾക്ക് ചികിത്സ നിഷേധിച്ച് കൂടുതൽ ഡോക്ടർമാർ; പതാകയിൽ പ്രണാമം ചെയ്യണമെന്ന് നിർദേശം
കൊൽക്കത്ത: ഇന്ത്യയുടെ ദേശീയ പതാകയെ അവഹേളിച്ച സംഭവങ്ങളിൽ പ്രതിഷേധിച്ച്, ബംഗ്ലാദേശിൽ നിന്നുള്ള രോഗികൾക്ക് ചികിത്സ നിഷേധിച്ച് കൊൽക്കത്തയിലെ കൂടുതൽ ഡോക്ടർമാർ രംഗത്ത്. ബംഗ്ലാദേശി രോഗികളെ ചികിത്സിക്കണമെങ്കിൽ ത്രിവര്‍ണ്ണ പതാകയിൽ പ്രണാമം ചെയ്യണമെന്ന് സിലിഗുരിയിൽ ഡോക്‌ടറർ ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് സ്വകാര്യ കൺസൾട്ടൻസിക്ക് പുറത്തായി ബംഗാളി ഭാഷയിൽ നോട്ടിസ് പതിച്ചിട്ടുണ്ട്.
രാജ്യദ്രോഹക്കുറ്റം ആരോപിച്ച് ഹിന്ദുമതനേതാവ് ചിന്മയ് കൃഷ്ണദാസുൾപ്പെടെയുള്ളവർ ബംഗ്ലാദേശിൽ അറസ്റ്റുചെയ്യപ്പെട്ടതിനെ തുടർന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാകുന്ന സാഹചര്യത്തിലാണ്, പതാകയെ അവഹേളിച്ചതിൽ പ്രതീഷേധിച്ച് പശ്ചിമ ബംഗാളിൽ നിന്നുള്ള കൂടുതൽ ഡോക്ടർമാർ രംഗത്തെത്തുന്നത്.
കഴിഞ്ഞ ദിവസങ്ങളിൽ, പശ്ചിമ ബംഗാളിലെ നിരവധി ഡോക്ടർമാർ ബംഗ്ലാദേശി രോഗികളെ ചികിത്സിക്കില്ലെന്ന് അറിയിച്ചിരുന്നു. ഇതിനു പിന്നാലെ കൊൽക്കത്തയിലെ ജെഎൻ റോയ് ആശുപത്രിയും ചികിത്സ നിഷേധിക്കുന്നതായി പ്രഖ്യാപനം നടത്തിയിരുന്നു.
ഇന്ത്യയുടെ ദേശീയ പതാക ബംഗ്ലാദേശിൽ അവഹേളിക്കുപ്പെട്ടുവെന്നും, അത് തന്നെ വേദനിപ്പിച്ചെന്നും, സ്വകാര്യ കൺസൾട്ടൻസിക്കു പുറത്ത് നോട്ടീസ് പതിപ്പിച്ച ഡോ. ശേഖർ ബന്ദോപാധ്യായ, പറഞ്ഞു. “ഒരു ഡോക്ടർ എന്ന നിലയിൽ, രോഗികൾക്ക് ചികിത്സ നിരസിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. പക്ഷേ, നമ്മുടെ രാജ്യത്തേക്ക് വരുന്നവർ നമ്മുടെ പതാകയെയും നമ്മുടെ മാതൃരാജ്യത്തെയും ബഹുമാനിക്കണം. ബംഗ്ലാദേശ് താലിബാൻ ചിന്താഗതിക്ക് കീഴിലായതായി തോന്നുന്നു,” ശേഖർ പറഞ്ഞു.
“ഞാൻ ജോലി ചെയ്യുന്ന സർക്കാർ ആശുപത്രിയിൽ ചികിത്സ നിരസിക്കാൻ എനിക്ക് കഴിയില്ല. അതുകൊണ്ടാണ് സിലിഗുരിയിലെ സ്വകാര്യ ചേമ്പറിൽ ദേശീയ പതാക സന്ദേശത്തിനൊപ്പം സ്ഥാപിച്ചത്. എൻ്റെ മാതൃരാജ്യത്തെ ബഹുമാനിക്കാൻ കഴിയാത്തവർക്ക് എന്റെ ചികിത്സ ലഭിക്കില്ല,” അദ്ദേഹം പറഞ്ഞു.