ടൂറിസം മേഖലയിൽ കൂടുതൽ തൊഴിൽ അവസരങ്ങൾ; എഐ വിദ്യാഭ്യാസത്തിന് പുതിയ കേന്ദ്രം
മൂന്നാം നരേന്ദ്രമോദി സർക്കാരിന്റെ രണ്ടാം ബജറ്റ് അവതരണം ലോക്സഭയിൽ തുടരുന്നു. ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിക്കുന്ന തുടർച്ചയായ എട്ടാമത്തെ ബജറ്റാണിത്. ബജറ്റ് അവതരണം ഒന്നാം ഘട്ടം പിന്നിടുമ്പോൾ ബിഹാറിന് വാരിക്കോരിയാണ് വിവിധ പദ്ധതികൾ നൽകുന്നത്.
എല്ലാ ഗവ. സെക്കൻഡറി സ്കൂളുകളിലും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും ഭാരത് നെറ്റിന്റെ പിന്തുണയോടെ ബ്രോഡ് ബാൻഡ് ഇന്റർനെറ്റ് ഉറപ്പാക്കും. സെന്റർ ഓഫ് എക്സലൻസ് ഇൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്ഥാപിക്കും. ആരോഗ്യ വിദ്യാഭ്യാസ, കാർഷിക, സുസ്ഥിര വികസിത മേഖലകളെ അടക്കം ലക്ഷ്യമിട്ടായിരിക്കും ഇത്.
അടൽ ഇന്നവേഷൻ മിഷന്റെ കീഴിൽ രാജ്യത്തെ സ്കൂളുകളിൽ അടൽ തിങ്കറിംഗ് ലാബറട്ടറീസ് സ്ഥാപിക്കും. കുട്ടികളുടെ ചിന്താശേഷി ശക്തിപ്പെടുത്തുക എന്നതാണ് ലക്ഷ്യം. ജലജീവൻ പദ്ധതിയുടെ വിഹിതം വർധിപ്പിച്ചു. പദ്ധതി 2028 വരെ നീട്ടി.
ടൂറിസം മേഖലയിൽ കൂടുതൽ തൊഴിൽ അവസരങ്ങൾ ഒരുങ്ങും. ഹോം സ്റ്റേയ്ക്കായി മുദ്ര ലോണുകൾ നൽകും. സ്വകാര്യ പങ്കാളിത്തത്തോടെ 50 ടൂറിസം കേന്ദ്രങ്ങൾ ആരംഭിക്കും. എഐ വിദ്യാഭ്യാസത്തിന് പുതിയ കേന്ദ്രം സ്ഥാപിക്കും. ഇതിനായി 500 കോടി രൂപ വകയിരുത്തി.
വനിതാ സംരഭകർക്ക് രണ്ട് കോടി വരെ വായ്പ. പ്രഖ്യാപനം അഞ്ച് ലക്ഷം സ്ത്രീകൾക്ക് പ്രയോജനപ്പെടും. മെഡിക്കൽ കോളേജുകളിൽ പതിനായിരം സീറ്റുകൾ കൂടി. പിഎം സ്വനിധി വഴിയോര കച്ചവടക്കാർക്ക് വായ്പാ സഹായം നൽകും. അങ്കണവാടികൾക്കായി പ്രത്യേക പദ്ധതി. അമ്മമാർക്കും കുഞ്ഞുങ്ങൾക്കുമായി പോഷകാഹാര പദ്ധതി.