
വാഷിങ്ടണ്‍: അമേരിക്കയില്‍ 30 ദിവസത്തില്‍ കൂടുതല്‍ താമസിക്കുന്ന വിദേശ പൗരന്മാര്‍ക്ക് മുന്നറിയിപ്പുമായി ട്രംപ് ഭരണകൂടം. 30 ദിവസത്തില്‍ കൂടുതല്‍ അമേരിക്കയില്‍ താമസിക്കുന്ന വിദേശ പൗരന്മാര്‍ സര്‍ക്കാരില്‍ രജിസ്റ്റര്‍ ചെയ്യണമെന്നും നിര്‍ദേശം ലംഘിക്കുന്നവര്‍ക്ക് പിഴയും തടവും ലഭിക്കുമെന്നും ട്രംപ് ഭരണകൂടം അറിയിച്ചു. നിര്‍ദേശം പാലിക്കാത്തവര്‍ നിര്‍ബന്ധിത നാടുകടത്തല്‍ ഉള്‍പ്പെടെയുള്ള കടുത്ത നടപടികള്‍ നേരിടേണ്ടിവരുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
ഉടന്‍ രാജ്യം വിടുക, അല്ലെങ്കില്‍ സ്വയം നാടുകടക്കുക എന്ന ട്രംപ് ഭരണകൂടത്തിന്റെ മുന്നറിയിപ്പ് ഹോംലാന്‍ഡ് സെക്യൂരിറ്റി വകുപ്പ് എക്‌സില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.30 ദിവസത്തില്‍ കൂടുതല്‍ അമേരിക്കയില്‍ താമസിക്കുന്ന വിദേശ പൗരന്മാര്‍ സര്‍ക്കാരില്‍ രജിസ്റ്റര്‍ ചെയ്യണമെന്നും അങ്ങനെ ചെയ്യുന്നതില്‍ പരാജയപ്പെട്ടാല്‍ പിഴയും തടവും ലഭിക്കുമെന്നും എക്‌സില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലുണ്ട്. പ്രസിഡന്റ് ട്രംപിന്റെ ഓഫീസിനെയും വകുപ്പിന്റെ സെക്രട്ടറി ക്രിസ്റ്റി നോമിനെയും പോസ്റ്റില്‍ ടാഗ് ചെയ്തിട്ടുണ്ട്.
നിയമാനുസൃത രേഖകളില്ലാതെ രാജ്യത്ത് തങ്ങുന്നവര്‍ 30 ദിവസത്തിനുള്ളില്‍ രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ പ്രതിദിനം 998 അമേരിക്കന്‍ ഡോളര്‍ (ഏകദേശം 85,924 രൂപ) പിഴയും. അല്ലെങ്കില്‍ 1000 മുതല്‍ 5000 ഡോളര്‍ വരെ അധിക പിഴയും ജയില്‍ ശിക്ഷയും അനുഭവിക്കണമെന്നും വകുപ്പ് വ്യക്തമാക്കി.
സ്വയം പുറത്തുപോകാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അവര്‍ക്ക് സഞ്ചരിക്കേണ്ട വിമാനം തിരഞ്ഞെടുക്കാമെന്നും ക്രിമിനല്‍ പശ്ചാത്തലമില്ലെങ്കില്‍ അമേരിക്കയില്‍ നിന്ന് സമ്പാദിച്ച പണം സൂക്ഷിക്കാമെന്നും ഭാവിയില്‍ നിയമപരമായ കുടിയേറ്റത്തിന് അവസരം ലഭിക്കുമെന്നും ഹോംലാന്‍ഡ് സെക്യൂരിറ്റി വകുപ്പിന്റെ പോസ്റ്റില്‍ പറയുന്നു. 2025 ജനുവരിയില്‍ അധികാരമേറ്റെടുത്തതിനുശേഷം നിയമവിരുദ്ധ കുടിയേറ്റത്തിനെതിരെ ശക്തമായ നടപടികളാണ് ട്രംപ് ഭരണകൂടം സ്വീകരിച്ചുവരുന്നത്.