ചാവാനായ കുട്ടിയുമായി പട്ടി മൃഗാശുപത്രിയിലെത്തി; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്
വിദഗ്ധ ചികിത്സ നൽകി ഡോക്ടർമാർ കുട്ടിയെ രക്ഷപ്പെടുത്തി
സ്വന്തം കുട്ടികളെ വഴിയരികില്‍ ഉപേക്ഷിക്കുകയും പിഞ്ചുകുഞ്ഞുങ്ങളെ കൊലപ്പെടുത്തുകയും രോഗികളെ ചികിത്സിപ്പിക്കാതെ മരണത്തിന് വിട്ടുകൊടുക്കുകയും ചെയ്യുന്ന മനുഷ്യരുള്ള ഈ ലോകത്ത് ഈ പട്ടിയൊരു മാതൃകയാണ്. ചാവാനായ സ്വന്തം കുട്ടിയുമായി ഒരു തെരുവ് പട്ടി മൃഗാശുപത്രിയിലെത്തുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങളാണിപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.
തുര്‍ക്കിയിലെ ഇസ്തംബൂള്‍ പ്രവിശ്യയിലെ ബെയ്‌ലികുദൂസില്‍ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ പാശ്ചാത്യ മാധ്യമങ്ങള്‍ പുറത്തുവിട്ടു. ബ്രിട്ടനിലെ ഡെയിലി മെയില്‍ https://www.dailymail.co.uk ആണ് ഇതിന്റെ വീഡിയോ സഹിതം വാര്‍ത്ത പുറത്തുവിട്ടത്. ഈ മാസം 13നാണ് സംഭവം നടക്കുന്നത്.
തെരുവില്‍ അലയുന്ന പട്ടിയാണ് തന്റെ ചാവാനായ കുട്ടിയേയും കടിച്ച് പിടിച്ച് ആശുപത്രിയിലെത്തുന്നത്. സംഭവം കണ്ട് ഞെട്ടിയ ഡോക്ടര്‍ കുട്ടിയെ ചികിത്സിക്കുകയും ജീവിതത്തിലേക്ക് തിരിച്ചെത്തിക്കുകയും ചെയ്തു.
സി സി ടിവി ദൃശ്യങ്ങള്‍ കാണാം…
കുട്ടിയെ വിദഗ്ധ പരിശോധനക്കായി ആശുപത്രിക്കുള്ളിലേക്ക് കൊണ്ടുപോയപ്പോള്‍ പട്ടി പുറത്ത് ക്ഷമയോടെ നില്‍ക്കുന്നതും വീഡിയോയില്‍ കാണാം. ആശുപത്രിക്ക് അകത്തും പുറത്തുമുള്ള വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
ആശുപത്രിക്ക് തൊട്ടടുത്ത് വെച്ച് നിരവധി കുഞ്ഞുങ്ങള്‍ക്ക് ഈ പട്ടി ജന്മം നല്‍കിയിരുന്നെങ്കിലും ഇതൊഴികെ മറ്റെല്ലാം ചത്ത് പോയിരുന്നു.
അമ്മ പട്ടിക്ക് ആവശ്യമായ മുലപ്പാല്‍ ഇല്ലായിരുന്നുവെന്നും അതാണ് കുട്ടിയുടെ ആരോഗ്യ നില വഷളായതെന്നും ഡോക്ടര്‍മാര്‍ പറയുന്നു. പട്ടിക്കും കുട്ടിക്കും വിദഗ്ധ ചികിത്സ നല്‍കിയെന്നും അവര്‍ അവകാശപ്പെട്ടു.