National

അമ്മായിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച മകനെ അമ്മ വെട്ടിക്കൊന്ന് അഞ്ച് കഷണങ്ങളാക്കി കനാലിൽ തള്ളി

അമ്മായിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച മകനെ വെട്ടിക്കൊലപ്പെടുത്തി അമ്മ. കഴിഞ്ഞ വ്യാഴാഴ്ച ആന്ധ്രപ്രദേശിലെ കമ്പത്തായിരുന്നു സംഭവം. പ്രസാദ് (35) ആണ് കൊല്ലപ്പെട്ടത്. കമ്പത്തെ നാകലഗണ്ടി കനാലില്‍ മൃതദേഹഭാഗം കണ്ടെത്തിയതിനെ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകവിവരം പുറത്തറിയുന്നത്.

കൊലപാതകത്തിന് ശേഷം ഒളിവില്‍ പോയ അമ്മ ദേവിയ്ക്കായി പോലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി. സഹോദരന്റെ ഭാര്യയെ ബലാല്‍സംഗം ചെയ്യാന്‍ ശ്രമിച്ചപ്പോഴാണ് 35 കാരനായ മകനെ 57 കാരിയായ ദേവി കൊലപ്പെടുത്തിയത്. ബന്ധുക്കളുടെ സഹായത്തോടെയാണ് ദേവി പ്രസാദിനെ കൊലപെടുത്തിയതെന്ന് പോലീസ് അറിയിച്ചു.

അവിവാഹിതനായ പ്രസാദിന്റെ പെരുമാറ്റം വൈകൃതം നിറഞ്ഞതായിരുന്നു. സഹോദരന്റെ ഭാര്യയ്ക്ക് പുറമെ കുടുംബത്തിലെ മറ്റ് സ്ത്രീകളോടും പെണ്‍കുട്ടികളോടും ഇയാള്‍ മോശമായി പെരുമാറിയിരുന്നു. ഇത് ദേവിയെ അസ്വസ്ഥയാക്കിയിരുന്നുവെന്ന് പോലീസ് പറയുന്നു.

മകന്റെ സ്വഭാവദൂഷ്യം കാരണം നിവര്‍ത്തികെട്ടാണ് കൊല്ലുന്നതെന്ന് ദേവി പറഞ്ഞതായും ബന്ധുക്കള്‍ പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു. കോടാലിക്ക് സമാനമായ ആയുധം ഉപയോഗിച്ചാണ് കൊലപാതകം നടത്തിയിരിക്കുന്നത്. പ്രസാദിനെ കൊന്നശേഷം മൃതദേഹം ഇവര്‍ അഞ്ച് കഷ്ണങ്ങളാക്കി മുറിച്ച് മൂന്ന് ചാക്കുകളിലാക്കി കമ്പത്തെ നാകലഗണ്ടി കനാലില്‍ നിക്ഷേപിക്കുകയായിരുന്നു.

Related Articles

Back to top button
error: Content is protected !!