വിലാപയാത്ര 21ാം മണിക്കൂറിലേക്ക്; വിഎസിന്റെ സംസ്‌കാര സമയക്രമത്തിൽ മാറ്റം വരുമെന്ന് എംവി ഗോവിന്ദൻ

വിഎസ് അച്യുതാനന്ദന്റെ സംസ്‌കാര സമയക്രമത്തിൽ ചെറിയ മാറ്റം വരുത്തേണ്ടി വരുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. അഭൂതപൂർവമായ ജനക്കൂട്ടമാണ് വിഎസിനെ അവസാനമായി ഒരുനോക്ക് കാണാൻ കാത്തുനിൽക്കുന്നത്. അതുകൊണ്ട് തന്െ സംസ്‌കാരത്തിന്റെ അടക്കമുള്ള സമയക്രമത്തിൽ മാറ്റമുണ്ടാകുമെന്ന് എംവി ഗോവിന്ദൻ പറഞ്ഞു
വിഎസിന്റെ പുന്നപ്രയിലെ വേലിക്കകത്ത് വീട്ടിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലെ പൊതുദർശനം അര മണിക്കൂറായി ചുരുക്കിയെന്നും സിപിഎം അറിയിച്ചിട്ടുണ്ട്.
വിഎസിന്റെ ഭൗതിക ശരീരവും വഹിച്ചു കൊണ്ടുള്ള വിലാപയാത്ര പുന്നപ്രയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. ഇന്നലെ ഉച്ചയ്ക്ക് രണ്ടരക്ക് തിരുവന്തപുരത്ത് നിന്ന് പുറപ്പെട്ട വിലാപയാത്ര 21ാം മണിക്കൂറിലേക്ക് കടക്കുകയാണ്. വലിയ ജനക്കൂട്ടമാണ് വിഎസിന് യാത്ര നൽകാനായി പാതയോരങ്ങളിൽ തടിച്ചു കൂടിയിരിക്കുന്നത്.