ലോക്കല്‍ കമ്മിറ്റി സെക്രട്ടറിമാരില്‍ എന്തേ വനിതകള്‍ ഇല്ലാത്തത്; എം വി ഗോവിന്ദനെതിരെ കാന്തപുരം വിഭാഗത്തിലെ യുവ നേതാവ്
ഫേസ്ബുക്ക് പോസ്റ്റ് മെക് 7 വിവാദത്തില്‍
മെക് 7ലെ സ്ത്രീ – പുരുഷ ഇടകലരുരതെന്ന കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ നിലപാടിനെതിരെ രംഗത്തെത്തിയ സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാഷിനെതിരെ രൂക്ഷ വിമര്‍ശനവുമായി കാന്തപുരം വിഭാഗത്തിലെ യുവജന നേതാവ് മുഹമ്മദ് അലി കിനാലൂര്‍. പൊതു ഇടങ്ങളിലേക്ക് സ്ത്രീകള്‍ ഇറങ്ങരുത് എന്നത് പിന്തിരിപ്പന്‍ നിലപാട് ആണെന്ന ഗോവിന്ദന്‍ മാഷിന്റെ പ്രസ്താവനയെ വിമര്‍ശിച്ചാണ് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയത്.
ഗോവിന്ദന്‍ മാഷിന്റെയും പിണറായി വിജയന്റെയും നാട്ടില്‍ പോലും ലോക്കല്‍ കമ്മിറ്റിയില്‍ സെക്രട്ടറിയായി സ്ത്രീകള്‍ എത്തിയിട്ടില്ലെന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്. പാര്‍ട്ടിയിലെ ആകെ അംഗങ്ങളില്‍ പകുതിയോളം വരുന്ന സ്ത്രീകള്‍ക്ക് അര്‍ഹമായ പരിഗണന പാര്‍ട്ടി പദവികളില്‍ നല്‍കുന്നുണ്ടോ എന്നും അദ്ദേഹം ഗോവിന്ദന്‍ മാഷോട് ചോദിച്ചു.
പോസ്റ്റിന്റെ പൂര്‍ണ രൂപം:
പൊതു ഇടങ്ങളിലേക്ക് സ്ത്രീകള്‍ ഇറങ്ങരുത് എന്നത് പിന്തിരിപ്പന്‍ നിലപാട് ആണെന്നാണ് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാഷ് ഇന്ന് പ്രസംഗിച്ചത്. അത്തരം ശാഠ്യങ്ങള്‍ പുലര്‍ത്തുന്നവര്‍ക്ക് പിടിച്ചുനില്‍ക്കാനാകില്ല എന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. അദ്ദേഹം പറഞ്ഞത് സിപിഎം എന്ന പാര്‍ട്ടിയുടെ നിലപാടാണ്. അദ്ദേഹത്തിന് അത് പറയാനുള്ള അവകാശമുണ്ട്. അത് പറയാനിടയായ സാഹചര്യം എന്താണ് എന്നും മനസ്സിലായി. ഈ പ്രസ്താവന കേട്ടപ്പോള്‍ ഞാന്‍ ആലോചിച്ചത് അദ്ദേഹത്തിന്റെ പാര്‍ട്ടിയിലെ ആകെ അംഗങ്ങളില്‍ പകുതിയോളം വരുന്ന സ്ത്രീകള്‍ക്ക് അര്‍ഹമായ പരിഗണന പാര്‍ട്ടി പദവികളില്‍ നല്‍കുന്നുണ്ടോ എന്നാണ്. എം വി ഗോവിന്ദന്‍ മാഷിന്റെ ജില്ലയായ കണ്ണൂരില്‍ സിപിഎമ്മിന് ആകെ 18 ഏരിയാ കമ്മിറ്റികളുണ്ട്. പാര്‍ട്ടി മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ച് ഘടകങ്ങള്‍ പുനഃസംഘടിപ്പിക്കുന്ന സമയമാണിത്. കണ്ണൂരിലെ 18 ഏരിയ കമ്മിറ്റികളും പുനഃസംഘടിപ്പിച്ചപ്പോള്‍ ഒരൊറ്റ ഏരിയാ കമ്മിറ്റിയിലും സെക്രട്ടറി സ്ഥാനത്തേക്ക് സ്ത്രീയെ പരിഗണിച്ചിട്ടില്ല. 18 ഏരിയാ കമ്മിറ്റികള്‍ക്ക് കീഴില്‍ 236 ലോക്കല്‍ കമ്മിറ്റികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
ഏറ്റവും കൂടുതല്‍ ലോക്കല്‍ കമ്മിറ്റികള്‍ ഉള്ളത് പാനൂര്‍, കൂത്തുപറമ്പ് ഏരിയ കമ്മിറ്റികള്‍ക്ക് കീഴിലാണ്. ഗോവിന്ദന്‍ മാഷ് എം എല്‍ എ ആയിരിക്കുന്ന തളിപ്പറമ്പില്‍ 15 ഉം മുഖ്യമന്ത്രിയുടെ വീടിരിക്കുന്ന പിണറായിയില്‍ 12 ഉം ലോക്കല്‍ കമ്മിറ്റികള്‍ ഉണ്ട്. പറഞ്ഞിട്ടെന്താണ്, അവിടെയൊന്നും ലോക്കല്‍ സെക്രട്ടറി സ്ഥാനത്തേക്ക് പറ്റിയ ഒരു വനിതയെ കിട്ടിയിട്ടില്ല! 236 ലോക്കല്‍ കമ്മിറ്റി സെക്രട്ടറിമാരില്‍ സ്ത്രീ പ്രാതിനിധ്യം 2. തലശ്ശേരി ഏരിയയിലെ എരഞ്ഞോളി ലോക്കല്‍ കമ്മിറ്റിയിലും ശ്രീകണ്ഠാപുരം ഏരിയയില്‍ കല്യാട് ലോക്കലിലുമൊതുങ്ങി സ്ത്രീ പ്രാതിനിധ്യം. ഇത് കണ്ണൂര്‍ ജില്ലയിലെ മാത്രം കാര്യമാണ്. കേരളത്തിലാകെയും പരിശോധിച്ചാല്‍ പാര്‍ട്ടിയിലെ സ്ത്രീ പരിഗണനയൊക്കെ ഏട്ടിലെ പശു ആണെന്ന് മനസിലാകും. ഇന്നോളമുള്ള കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കേരള ചരിത്രത്തില്‍ ജില്ലാ സെക്രട്ടറിമാരായി എത്ര വനിതകളുണ്ടായിട്ടുണ്ട്? ഇപ്പോള്‍ എത്ര വനിതാ ജില്ലാ സെക്രട്ടറിമാരുണ്ട്? സംസ്ഥാന സെക്രട്ടറി പദവിയിലേക്ക് അടുപ്പിച്ചിട്ടുണ്ടോ ഒരു വനിതാ നേതാവിനെ ഇന്നോളം? സമ്മേളനത്തിലിരിക്കാനും മതില്‍ കെട്ടാനും സ്ത്രീകള്‍ വേണം. ലോക്കല്‍ കമ്മിറ്റി സെക്രട്ടറി സ്ഥാനത്തേക്ക് പോലും അവരെ പരിഗണിക്കില്ല. അന്നേരം പൊതുരംഗത്തുള്ള ഒരു സ്ത്രീയെയും ഓര്‍മ വരില്ല. ഒരു മതപണ്ഡിതന്‍ വിശ്വാസികളോട് മതപരമായ ഒരു നിയമം പറഞ്ഞാല്‍ അതിനെ പിന്തിരിപ്പനായും മൂരാച്ചിത്തരമായും ചാപ്പയടിക്കുന്നതിനു മാത്രം ഒരു കുറവുമില്ല!