കേരളം ഒരേ പൊളി, തിരികെ പോകാൻ തോന്നുന്നേയില്ല; ബ്രിട്ടീഷ് യുദ്ധ വിമാനത്തെയും പരസ്യമാക്കി കേരളാ ടൂറിസം

സാങ്കേതിക തകരാറിനെ തുടർന്ന് തിരുവനന്തപുരത്ത് അടിയന്തരമായി ഇറക്കേണ്ടി വരികയും തകരാർ പരിഹരിക്കാത്തതിനെ തുടർന്ന് തിരികെ പോകാൻ സാധിക്കാതെ വരികയും ചെയ്ത ബ്രിട്ടീഷ് യുദ്ധവിമാനത്തെയും പരസ്യമാക്കി കേരളാ ടൂറിസം. കേരളം അതിമനോഹരമായ സ്ഥലം, ഇവിടെ നിന്ന് പോകാനെ തോന്നുന്നില്ല, എന്നാണ് ബ്രിട്ടീഷ് യുദ്ധവിമാനം എഫ് 35ന്റെ ചിത്രം പങ്കുവെച്ചുള്ള കേരളാ ടൂറിസത്തിന്റെ പരസ്യം. ഒപ്പം ബ്രിട്ടീഷ് യുദ്ധവിമാനം ഫൈവ് സ്റ്റാർ റേറ്റിംഗ് നൽകിയതായും പോസ്റ്ററിൽ കാണിച്ചിട്ടുണ്ട്
പോസ്റ്റിന് താഴെ രസകരമായ കമന്റുകളും വന്ന് നിറയുന്നുണ്ട്. കേരള ടൂറിസത്തിന്റെ മാർക്കറ്റിംഗ് സ്ട്രാറ്റർജിയെ പ്രശംസിച്ചു കൊണ്ടുള്ളതാണ് കൂടുതൽ കമന്റുകളും. നിമിഷ നേരം കൊണ്ട് തന്നെ പോസ്റ്റ് വൈറലായി മാറുകയും ചെയ്തു.
ജൂൺ 14നാണ് എഫ് 35 തിരുവനന്തപുരത്ത് അടിയന്തര ലാൻഡിംഗ് നടത്തിയത്. 100 മില്യൺ ഡോളർ വില വരുന്നതാണ് ബ്രിട്ടീഷ് നാവിക സേനയുടെ ഈ വിമാനം. ലോകത്തെ ഏതാനും രാജ്യങ്ങൾക്ക് മാത്രം സ്വന്തമായുള്ള അഞ്ചാം തലമുറയിൽപ്പെട്ട യുദ്ധവിമാനമാണ് ഇത്.