മൂന്നാർ ബസ് അപകടം: മൂന്ന് വിദ്യാർഥികളുടെയും പോസ്റ്റ്‌മോർട്ടം പൂർത്തിയായി, ബന്ധുക്കൾക്ക് കൈമാറി

മൂന്നാർ മാട്ടുപ്പെട്ടിയിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ച മൂന്ന് വിദ്യാർഥികളുടെ പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയായി. മൃതദേഹങ്ങൾ ഇന്ന് തന്നെ നാഗർകോവിലിൽ എത്തിക്കും. സംഭവത്തിൽ ബസ് ഡ്രൈവർ വിനേഷിന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി.
ആദിക, വേണിക, സുധൻ എന്നീ വിദ്യാർഥികളുടെ പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. തേനി മെഡിക്കൽ കോളജിൽ തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുന്ന കെവിന്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ട്. മൂന്നാർ ടാറ്റ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന വിദ്യാർഥികളും അധ്യാപകരും ഇന്ന് ആശുപത്രി വിടും.
അപകടമുണ്ടായ ബസ് ഓടിച്ച ഡ്രൈവർ വിനേഷിന്റെ അറസ്റ്റ് മൂന്നാർ പോലീസ് രേഖപ്പെടുത്തി. ബസ് അപകടം ഉണ്ടാകാൻ കാരണം ഡ്രൈവറുടെ പരിചയക്കുറവും അശ്രദ്ധയും ആണെന്നാണ് കണ്ടെത്തൽ. അലക്ഷ്യമായി വാഹനമോടിക്കൽ, മനപ്പൂർവമല്ലാത്ത നരഹത്യ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് ഡ്രൈവർ നാഗർകോവിൽ സ്വദേശി വിനേഷിനെതിരെ കേസെടുത്തിരിക്കുന്നത്.