Kerala
മാനന്തവാടിയിലെ യുവതിയുടെ കൊലപാതകം; കാണാതായ 9 വയസുകാരിക്കായി തെരച്ചിൽ തുടരുന്നു

മാനന്തവാടി അപ്പപ്പാറയിൽ കൊല്ലപ്പെട്ട പ്രവീണയുടെ മകൾക്കായി തെരച്ചിൽ തുടരുന്നു. പ്രവീണയെ കൊലപ്പെടുത്തിയ പങ്കാളി ദിലീഷിന് വേണ്ടിയും പോലീസ് അന്വേഷണം തുടരുകയാണ്. അപ്പപ്പാറ വാകേരിയിലാണ് പ്രവീണയും മക്കളും താമസിച്ചിരുന്നത്. വന്യജീവി ശല്യമുള്ള എസ്റ്റേറ്റ് മേഖലയിലെ വീട്ടിൽ നിന്നുമാണ് കുട്ടിയെ കാണാതായത്.
പ്രവീണയെ കൊലപ്പെടുത്തിയ ദിലീഷ് കുട്ടിയെ തട്ടിക്കൊണ്ടു പോയതാണോ അതോ സംഭവത്തിനിടെ ഭയന്ന കുട്ടി ഓടി രക്ഷപ്പെട്ടതാണോ എന്നതും അവ്യക്തമായി തുടരുകയാണ്. പോലീസും ഫയർഫോഴ്‌സും വനംവകുപ്പും ചേർന്ന് വനമേഖലയിലടക്കം തെരച്ചിൽ നടത്തുകയാണ്.
ശക്തമായ മഴ തുടരുന്നത് തെരച്ചിലിനെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. പ്രവീണയുടെ 14 വയസുള്ള മൂത്ത മകൾക്കും വെട്ടേറ്റിരുന്നു. മൂത്ത കുട്ടിയുടെ കഴുത്തിനും ചെവിക്കുമാണ് വെട്ടേറ്റത്. കുട്ടി നിലവിൽ മാനന്തവാടിയിലെ ആശുപത്രിയിൽ ചികിത്സയിലാണ്.