നാല് വയസുകാരിയുടെ കൊലപാതകം: പീഡനവിവരം അറിഞ്ഞിരുന്നില്ലെന്ന് അമ്മ, പിതൃസഹോദരനായി ഇന്ന് കസ്റ്റഡി അപേക്ഷ നൽകും

നാലു വയസുകാരിയെ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മയുടെ മൊഴി പുറത്ത്. മകളുടെ പീഡന വിവരം തനിക്ക് അറിയില്ലായിരുന്നുവെന്ന് അമ്മ മൊഴി നൽകി. ഭർത്താവിന്റെ സഹോദരൻ കുട്ടിയെ പീഡിപ്പിച്ചതിനെ കുറിച്ച് അറിയില്ലെന്ന് അമ്മ പറഞ്ഞു. ഭർത്താവും വീട്ടുകാരും ചേർന്ന് തന്നെ ഒറ്റപ്പെടുത്തിയിരുന്നുവെന്നും അമ്മ കൂട്ടിച്ചേർത്തു.
കുട്ടികളും തന്നെ ഒഴിവാക്കാൻ ശ്രമിച്ചിരുന്നുവെന്നും അതിൽ താൻ വേദന അനുഭവിച്ചിരുന്നുവെന്നും അമ്മ വ്യക്തമാക്കി. അതിന്റെ പ്രതികാരമായിരുന്നു കൊലപാതകമെന്നും ഭർത്താവിന്റെ വീട്ടിൽ നിന്ന് മോശം അനുഭവം നേരിട്ടിരുന്നതായും അമ്മ മൊഴി നൽകി. കൊലപാതക കേസിലെ ചോദ്യം ചെയ്യലിനിടെയാണ് പീഡന വിവരത്തെ കുറിച്ച് അറിയില്ലെന്ന് അമ്മ മൊഴി നൽകിയത്.
അതേസമയം നാലു വയസുകാരിയെ പീഡിപ്പിച്ച പിതൃസഹോദരന് വേണ്ടി പോലീസ് ഇന്ന് കസ്റ്റഡി അപേക്ഷ സമർപ്പിക്കും. കുട്ടിയെ പീഡിപ്പിച്ചിരുന്നതായി ഇയാൾ പോലീസിന് മുന്നിൽ കുറ്റം സമ്മതിച്ചിരുന്നു. കുട്ടിയെ ഇയാൾ നിരന്തരം പീഡിപ്പിച്ചിരുന്നുവെന്നാണ് കണ്ടെത്തൽ. കൊലപാതകത്തിന് പിന്നാലെ നടത്തിയ പോസ്റ്റ്മോർട്ടത്തിലായിരുന്നു നാല് വയസുകാരി ലൈംഗിക ചൂഷണത്തിനിരയായെന്നുള്ള സൂചനകൾ ഡോക്ടർമാർക്ക് ലഭിച്ചത്.