രണ്ടര വയസ്സുകാരിയുടെ കൊലപാതകം; അന്വേഷണത്തില്‍ വിശ്വാസം നഷ്‌ടപ്പെടുന്നതായി നാട്ടുകാർ
തിരുവനന്തപുരം: ബാലരാമപുരം രണ്ടര വയസ്സുകാരിയുടെ കൊലപാതകത്തിന്‍റെ അന്വേഷണത്തില്‍ പൊലീസിനോട് തുടക്കത്തിൽ ഉണ്ടായിരുന്ന വിശ്വാസം നഷ്‌ടപ്പെടുന്നതായി നാട്ടുകാർ. ദിവസം നാല് പിന്നിട്ടിട്ടും ചോദ്യങ്ങൾക്കൊന്നും മറുപടിയില്ലാതെയുള്ള പൊലീസ് നിലപാടാണ് പ്രതിഷേധങ്ങൾക്കും ആശങ്കകൾക്കും വഴിയൊരുക്കുന്നത്.
മനുഷ്യമനഃസാക്ഷിയെ ഞെട്ടിച്ച രണ്ടര വയസ്സുകാരിയുടെ കൊലപാതകത്തിൽ പ്രതി ഹരികുമാർ മാത്രമായിരിക്കില്ല എന്നും അമ്മ ശ്രീതുവിൻ്റെ പങ്ക് വ്യക്തമാക്കേണ്ടതുണ്ട് എന്നാണ് നാട്ടുകാരുടെ പ്രധാന ആരോപണം. തുടക്കം മുതൽ അസ്വാഭാവികത മാത്രം
ഉള്ള ഈ കേസിൽ വ്യക്തതകൾ ഒന്നും വരുത്താതെ ഹരികുമാറിനെ മാത്രംപ്രതിയാക്കി കേസ് അവസാനിപ്പിക്കാനുള്ള
നീക്കത്തിൽ ആണോ പൊലീസ് എന്നും ആരോപണങ്ങൾ ഉയരുന്നു.
നിലവിലെ സാഹചര്യങ്ങൾ പരിശോധിക്കുമ്പോൾ ശ്രീതുവിന്‍റെ അച്‌ഛന്‍റെ മരണത്തിലും അസ്വഭാവികത ഉണ്ടോയെന്ന് സംശയിക്കുന്നതായും പഞ്ചായത്തംഗവും നാട്ടുകാരനുമായ കെ കെ എം സുനിൽകുമാർ ചൂണ്ടിക്കാട്ടുന്നു.
അതേസമയം ശ്രീതുവിനെതിരെ സാമ്പത്തിക തട്ടിപ്പ് പരാതികളും ഉയര്‍ന്നിട്ടുണ്ട്. ദേവസ്വം ബോർഡിൽ ജോലി നൽകാമെന്ന് വാഗ്‌ദാനം നൽകി മൂന്നുപേരിൽ നിന്ന് പണം വാങ്ങിയെന്നാണ് അറിയാൻ കഴിയുന്നത്. കുട്ടിയുടെ അച്‌ഛൻ ശ്രീജിത്തിനെ ഉൾപ്പെടെ ഇന്നലെ വിളിച്ചുവരുത്തി ശ്രീതുവിന് എതിരെയുള്ള ആരോപണങ്ങളിലും പരാതിയിലും ഉറച്ചുനിൽക്കുന്നുണ്ടോ എന്ന് പൊലീസ് ഉറപ്പുവരുത്തി വിട്ടയച്ചിരുന്നു.