കെട്ടിടങ്ങള്‍ക്ക് വെള്ള നിറം നല്‍കണമെന്ന് മസ്‌കത്ത് മുനിസിപാലിറ്റി
മസ്‌കത്ത്: ഒമാന്‍ തലസ്ഥാനമായ മസ്‌ക്കത്ത് നഗരത്തിലെ വീടുകള്‍ ഉള്‍പ്പെടെയുള്ള കെട്ടിടങ്ങള്‍ക്കെല്ലാം ഏകീകൃത നിറം നല്‍കാന്‍ മസ്‌കത്ത് മുനിസിപാലിറ്റി രംഗത്ത്. കെട്ടിടങ്ങളെല്ലാം വെള്ളനിറത്തില്‍ പെയിന്റ് ചെയ്ത് മനോഹരമാക്കാനാണ് നഗരസഭ നിര്‍ദേശിച്ചിരിക്കുന്നത്.
പ്രദേശത്തിന്റെ വാസ്തുവിദ്യാ പൈതൃകത്തോട് വിശ്വാസവും കൂറും പുലര്‍ത്തിക്കൊണ്ടുള്ള വെള്ളനിറം നല്‍കാനാണ് താമസക്കാരോടും പ്രോപ്പര്‍ട്ടി ഉടമകളോടും മസ്‌കറ്റ് മുനിസിപ്പാലിറ്റിയുടെ അഭ്യര്‍ഥന. നഗരത്തെ കൂടുതല്‍ സൗന്ദര്യമുള്ളതാക്കി മാറ്റാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് മുനിസിപ്പാലിറ്റി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഒറ്റനോട്ടത്തില്‍ കാണുന്ന കെട്ടിടങ്ങളുടെ പുറംചുമരുകള്‍ക്കെല്ലാം(കൊത്തുപണികള്‍ ഉള്‍പ്പെടെയുള്ളവക്ക്) തിളങ്ങുന്ന വെള്ളനിറമോ, ആനക്കൊമ്പ്, പവിഴം തുടങ്ങിയവയുടേതിനോട് സാദൃശ്യമുള്ള വെള്ള നിറത്തിന്റെ മൃദുവായ നിറഭേദങ്ങളോ നല്‍കി മനോഹരമാക്കാവുന്നതാണ്. ഇത്തരം വര്‍ണ്ണങ്ങള്‍ സൂര്യപ്രകാശത്തെ പ്രതിഫലിപ്പിക്കുമെന്നതിനാല്‍ കെട്ടിടത്തിന്റെ അകവശത്ത് ചൂട് കുറയാനും ഇടയാക്കും. ഇത് പിന്തുടരാനായാല്‍ പരമ്പരാഗത ഒമാനി, ഇസ്ലാമിക് വാസ്തുവിദ്യാ ശൈലികളുമായി യോജിക്കുന്ന തരത്തിലുള്ളവയാവും. തലസ്ഥാന നഗരിയുടെ പരമ്പരാഗത ഐഡന്റിറ്റിയെ പ്രതിഫലിപ്പിക്കുന്ന ഏകീകൃതവും ആകര്‍ഷകവുമായ നഗര ഭൂപ്രകൃതി നിലനിര്‍ത്താനുള്ള വിശാലമായ ശ്രമത്തിന്റെ ഭാഗമാണ് ഈ സംരംഭമെന്നാണ് അധികൃതര്‍ വിശദീകരിക്കുന്നത്.