മുസ്‌ലീം ജീവനക്കാര്‍ക്ക് ഡ്യൂട്ടി 4 മണിവരെ; റമദാനില്‍ ഇളവ് അനുവദിച്ച് തെലങ്കാന സര്‍ക്കാര്‍: വിമര്‍ശനവുമായി ബിജെപി

ഹൈദരാബാദ്: റമദാനില്‍ മുസ്‌ലീം മതവിഭാഗത്തില്‍പ്പെട്ട സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ജോലി സമയത്തില്‍ ഇളവ് അനുവദിച്ച് തെലങ്കാന സര്‍ക്കാര്‍. 4 മണിക്ക് ഓഫിസ് വിട്ട് വീട്ടിലേക്ക് മടങ്ങാന്‍ അനുമതി നല്‍കി. ഒരു മാസത്തെ വ്രതാനുഷ്‌ഠാനം കണക്കിലെടുത്താണ് ഇളവ് അനുവദിച്ചത്. തെലങ്കാന ചീഫ് സെക്രട്ടറി ശാന്തി കുമാരി ഇത് സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചു.
അധ്യാപകർ, കരാർ, ഔട്ട്‌സോഴ്‌സിങ്, വിവിധ ബോർഡുകൾ, കോർപ്പറേഷനുകൾ, പൊതുമേഖലാ ജീവനക്കാർ എന്നിവര്‍ അടക്കമുള്ള ജീവനക്കാര്‍ക്ക് അവരുടെ സാന്നിധ്യം അത്യാവശ്യം അല്ലാത്ത സാഹചര്യത്തില്‍ മാർച്ച് 2 മുതൽ മാർച്ച് 31 വരെ ( ഈ രണ്ട് ദിവസവും ഉൾപ്പെടെ) വൈകുന്നേരം 4.00 മണിക്ക് ഓഫിസുകളിൽ നിന്നോ സ്‌കൂളുകളിൽ നിന്നോ മടങ്ങാന്‍ അനുവാദം നൽകുന്നുവെന്ന് ഉത്തരവില്‍ പറയുന്നു.
വിമര്‍ശനവുമായി ബിജെപി: റമദാനില്‍ മുസ്‌ലീം ജീവനക്കാര്‍ക്ക് ഇളവ് അനുവദിച്ചതില്‍ വിമര്‍ശനവുമായി ബിജെപി രംഗത്തെത്തി. സംസ്ഥാനത്തെ മുസ്‌ലീം സമൂഹത്തെ പ്രീണിപ്പിക്കാനുള്ള നടപടിയാണിതെന്ന് ബിജെപി ആരോപിച്ചു. നവരാത്രിയുടെ ഉപവാസ സമയത്ത് ഹിന്ദുക്കൾക്ക് ഒരിക്കലും ഇത്തരം ഇളവുകൾ നൽകാറില്ലെന്ന് ബിജെപി നേതാവ് അമിത് മാളവ്യ എക്‌സില്‍ കുറിച്ചു. വോട്ട് ബാങ്ക് മാത്രം ലക്ഷ്യം വച്ചാണ് ഇത്തരം നടപടികളെന്നും ഇത് എതിർക്കപ്പെടണമെന്നും അമിത് മാളവ്യ പറഞ്ഞു.
സമൂഹത്തിലെ ഒരു വിഭാഗത്തിന് മുൻഗണന നൽകാൻ മുഖ്യമന്ത്രി രേവന്ത് റെഡ്ഡി ദൃഢനിശ്ചയം ചെയ്‌തിട്ടുണ്ടെന്ന് മുതിർന്ന ബിജെപി നേതാവ് പി.മുരളീധർ റാവു ആരോപിച്ചു. നവരാത്രിയിൽ ഹിന്ദുക്കൾക്കോ പര്യൂഷൺ കാലത്ത് ജൈനർക്കോ ഇത്തരം ഇളവുകൾ ഒരിക്കലും നൽകില്ലെന്നും മുരളീധര്‍ പറഞ്ഞു. കോൺഗ്രസ് ഭരണം തുടർന്നാൽ ഈ പക്ഷപാതം കൂടുതൽ ആഴത്തിലാകുമെന്നും മുരളീധർ റാവു കുറ്റപ്പെടുത്തി.