KeralaNational

സംഭാലിലേക്ക് പുറപ്പെട്ട മുസ്ലിം ലീഗ് സംഘത്തെ പോലീസ് തടഞ്ഞു

അനുമതിയില്ലാതെ പോകാന്‍ പറ്റില്ലെന്ന് ഉത്തര്‍ പ്രദേശ് പോലീസ്

ലഖ്നൗ: മുഗള്‍ കാലത്ത് നിര്‍മിച്ച പള്ളി ക്ഷേത്രമാണെന്നാരോപിച്ച് സര്‍വേ നടത്തിയ നടപടിക്കിടെയുണ്ടായ വെടിവെപ്പ് നടന്ന ഉത്തര്‍ പ്രദേശിലെ സംഭാലിലേക്ക് പുറപ്പെട്ട മുസ്ലിം ലീഗ് എം പിമാരെ പോലീസ് തടഞ്ഞു.

സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതിനാല്‍ നിലവില്‍ അനുമതിയില്ലാതെ അവിടേക്ക് പോകാനാകില്ലെന്ന് വ്യക്തമാക്കിയാണ് ലീഗിന്റെ എം പിമാരെ പോലീസ് തടഞ്ഞത്. ഇ ടി മുഹമ്മദ് ബശീറിന്റെ നേതൃത്വത്തിലുള്ള സംഘത്തെയാണ് പോലീസ് തടഞ്ഞത്. സംഘര്‍ഷ മേഖലയായ സംഭാലിലേക്ക് പോകും വഴി ഗാസിയാബാദില്‍ വെച്ചാണ് ഉത്തര്‍ പ്രദേശ് പോലീസ് ഇവരെ തടഞ്ഞത്. ബശീറിനൊപ്പം അബ്ദുസ്സമദ് സമദാനി, ഹാരിസ് ബീരാന്‍, നവാസ് ഗനി തുടങ്ങിയ എംപിമാരാണ് സംഘത്തിലുണ്ടായിരുന്നത്.

ഗാസിയാബാദില്‍ നിന്ന് രണ്ട് ജില്ലകള്‍ കൂടി പിന്നിട്ടാലേ സംഭാലിലെത്തൂ. എന്നാല്‍ സംഭലില്‍ നിന്ന് 130 കിലോമീറ്റര്‍ അകലെയുള്ള ഗാസിയാബാദ് ജില്ലയിലെ സജ്ജരാസി ടോള്‍ പ്ലാസയില്‍ രണ്ടുവാഹനങ്ങളിലായി എത്തിയ എംപിമാരെ പൊലീസ് തടയുകയായിരുന്നു.

ഉത്തര്‍പ്രദേശിലെ സംഭാലില്‍ ഷാഹി ജുമാമസ്ജിദ് സര്‍വേയ്ക്കിടെയാണ് സംഘര്‍ഷമുണ്ടായത്.നാലുപേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. മുഗള്‍ ഭരണ കാലത്ത് നിര്‍മിച്ച മസ്ജിദില്‍ സര്‍വേ നടത്താന്‍ കോടതി അനുമതി നല്‍കിയിരുന്നു. ഹരിഹര്‍ ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങളിലാണ് പള്ളി നിര്‍മിച്ചതെന്ന ഹര്‍ജിയിലായിരുന്നു കോടതിയുടെ നിര്‍ദേശം. കോടതി ഉത്തരവിനെ തുടര്‍ന്ന് ജുമാമസ്ജിദില്‍ ഉദ്യോഗസ്ഥര്‍ സര്‍വേയ്ക്ക് എത്തിയതിന് പിന്നാലെയാണ് സംഘര്‍ഷം ഉടലെടുത്തത്. സംഘര്‍ഷാവസ്ഥ രൂക്ഷമായതോടെ പ്രദേശത്ത് ഈ മാസം 30 വരെ ഇന്റര്‍നെറ്റ് സേവനം താല്‍കാലികമായി നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

അതേസമയം, പോലീസ് നടപടിയില്‍ രൂക്ഷ വിമര്‍ശവുമായി ഇ ടി മുഹമ്മദ് ബശീര്‍ രംഗത്തെത്തി. എന്തിനാണ് യുപി പോലീസ് ഇത്ര തിടുക്കം കാണിക്കുന്നതെന്നും നിങ്ങള്‍ക്കെന്താണ് അവിടെ മറച്ചുപിടിക്കാനുള്ളതെന്നും അദ്ദേഹം ചോദിച്ചു.
സംഭലിലേക്ക് പുറപ്പെട്ട തങ്ങളെ കിലോമീറ്ററുകള്‍ ഇപ്പുറത്ത് വെച്ച് തന്നെ വന്‍ സന്നാഹത്തോടെയെത്തി തടഞ്ഞിരിക്കുകയാണ് .
പോലീസിനോട് സംഘര്‍ഷത്തിന് നില്‍ക്കാതെ തല്‍ക്കാലം ഞങ്ങള്‍ മടങ്ങുകയാണ്. വൈകാതെ തന്നെ സംഘപരിവാര്‍ പോലീസ് ഭീകരത അരങ്ങേറിയ സംഭലിലേക്ക് വീണ്ടും പുറപ്പെടും. അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

അതേസമയം, തങ്ങള്‍ സംഭാലിലേക്ക് പുറപ്പെടുകയാണെന്ന് മണിക്കൂറുകള്‍ക്ക് മുന്നെ മുഹമ്മദ് ബശീര്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. ഇംഗ്ലീഷിലും മലയാളത്തിലുമായായിരുന്നു പോസ്റ്റ്. ഇത് ശ്രദ്ധയില്‍പ്പെട്ടിട്ടാകാം പോലീസ് ഇവരെ തടഞ്ഞതെന്ന് സൂചനയുണ്ട്.

 

Related Articles

Back to top button