എന്റെ കുട്ടിയിന്ന് പള്ളിക്കാട്ടില്‍ ആറടി മണ്ണിനടിയിലാണ്; പ്രതികള്‍ക്ക് തക്കതായ ശിക്ഷ നല്‍കണം: ഷഹബാസിന്റെ പിതാവ് മുഹമ്മദ് ഇഖ്ബാൽ

മുഹമ്മദ് ഷഹബാസിന് നീതി കിട്ടുമോയെന്ന് ആശങ്കയുണ്ടെന്ന് പിതാവ് മുഹമ്മദ് ഇഖ്ബാല്‍. പ്രതികള്‍ക്ക് പിന്നില്‍ വലിയ സംഘമുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. മുന്‍പും പ്രതികളായ കുട്ടികള്‍ ഷഹബാസിനെ കോമ്പസ് ഉപയോഗിച്ച് ആക്രമിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. തെളിവ് സഹിതം ലഭിച്ചിട്ടും സര്‍ക്കാര്‍ പ്രതികള്‍ക്കെതിരെ നടപടിയെടുത്തില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രതികള്‍ക്ക് തക്കതായ ശിക്ഷ നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.
ഇപ്രാവശ്യം അവര്‍ പരീക്ഷ എഴുതണ്ട എന്നൊരു വാക്ക് പോലും ഗവണ്‍മെന്റിന്റെ ഭാഗത്ത് നിന്നുണ്ടായില്ല. വാക്കുകൊണ്ട് പോലും സര്‍ക്കാര്‍ ഞങ്ങളെ ആശ്വസിപ്പിച്ചില്ല. മകന്‍ നഷ്ടപ്പെട്ട രക്ഷിതാവ് എന്ന വേദന അനുഭവിച്ചവര്‍ക്ക് മാത്രമേ മനസിലാകൂ. കഷ്ടപ്പെട്ട് ഗള്‍ഫിലും നാട്ടിലും ജോലി ചെയ്തിരുന്നയാളാണ് ഞാന്‍. അവന്‍ പഠിക്കട്ടേ, അവനും കൂടി ചേര്‍ന്നാല്‍ ഒരുമിച്ച് കടമില്ലാതെ മുന്നോട്ട് നീങ്ങാമെന്നൊക്കെ മനസില്‍ കണ്ടു. പക്ഷേ അതെല്ലാം ഇല്ലാതായി. ഇവിടെ രക്ഷിതാക്കള്‍ തന്നെ ക്രിമിനലുകളാണ്. മക്കളും അതേ രൂപത്തില്‍ തന്നെയാണ് വളര്‍ന്നു വരുന്നത് – അദ്ദേഹം പറഞ്ഞു. ഇനിയൊരു രക്ഷിതാവിനും ഈയൊരു അവസ്ഥയുണ്ടാകരുതെന്നും അദ്ദേഹം പറയുന്നു
സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഒരു ആശ്വാസ വാക്കെങ്കിലും കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്നും എന്നാല്‍ ക്രിമിനലുകളായ കുട്ടികള്‍ക്ക് പരീക്ഷ എഴുതാന്‍ സംരക്ഷണം കൊടുക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. എന്റെ കുട്ടി ഇന്ന് പള്ളിക്കാട്ടില്‍ ആറടി മണ്ണിനടിയിലാണ്. ഹാള്‍ ടിക്കറ്റ് വാങ്ങി ഉമ്മയുടെ കൈയില്‍ കൊടുത്തിട്ട്, ദുഅ ചെയ്ത് വെക്ക്, എനിക്ക് നല്ല മാര്‍ക്ക് കിട്ടും. മോഡല്‍ എക്‌സാമിന് കഴിയുന്നതിന്റെ പരമാവധി ഞാന്‍ ശ്രമിച്ചു. അതിലും കൂടുതല്‍ ഞാന്‍ പഠിക്കും. എന്നെല്ലാം പറഞ്ഞിരുന്നു. ഇന്നലെ രാത്രിയാണ് ഉമ്മയോട് പങ്കിട്ട ഈ കാര്യങ്ങള്‍ അറിഞ്ഞത്. അത് കേട്ടപ്പോള്‍ വളരെയേറെ വിഷമം തോന്നി. ഒന്നുകൂടി അവനെ ശ്രദ്ധിക്കമായിരുന്നു എന്ന് ചിന്തിച്ചു. കരയാന്‍ കണ്ണുനീരില്ല, ഉള്ളു നീറുന്നു – മുഹമ്മദ് ഇഖ്ബാല്‍ പറയുന്നു.