Kerala

വയനാട് ഡിസിസി ട്രഷററുടെയും മകന്റെയും മരണത്തിൽ ദുരൂഹത; വിശദമായ അന്വേഷണത്തിന് പോലീസ്

വയനാട് ഡിസിസി ട്രഷററുടെയും മകന്റെയും മരണത്തിലെ ദുരൂഹത പോലീസ് അന്വേഷിക്കും. പോസ്റ്റ്‌മോർട്ടത്തിന് ശേഷമായിരിക്കും തുടർ നടപടി. കഴിഞ്ഞ ചൊവ്വാഴ്ചയാണ് വിഷം കഴിച്ച നിലയിൽ വയനാട് ഡിസിസി ട്രഷറർ എൻഎം വിജയനെയും മകൻ ജിജേഷിനെയും കണ്ടെത്തിയത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇരുവരും ഇന്നലെ രാത്രിയോടെയാണ് മരിച്ചത്.

ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് സുൽത്താൻ ബത്തേരിയിലെ വീട്ടുവളപ്പിൽ ഇവരുടെ സംസ്‌കാരം നടക്കും. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു. ആത്മഹത്യശ്രമമെന്ന വിലയിരുത്തലിൽ വിജയന്റെ വീട്ടിൽ പരിശോധന നടത്തിയെങ്കിലും ആത്മഹത്യാ കുറിപ്പുകൾ ഒന്നും കണ്ടെത്തിയില്ല

മരണത്തിന് പിന്നിലെ കാരണം ഉൾപ്പെടെ പോലീസ് അന്വേഷിക്കും. വയനാട്ടിലെ കോൺഗ്രസ് നേതാക്കളിൽ പ്രമുഖനായിരുന്ന വിജയൻ നീണ്ടകാലം സുൽത്താൻ ബത്തേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റായിരുന്നു. മകൻ ജിജേഷ് ഏറെക്കാലമായി ശാരീരിക പ്രയാസം മൂലം കിടപ്പിലായിരുന്നു. സുൽത്താൻ ബത്തേരി സഹകരണ ബാങ്ക് നിയമനക്രമക്കേട് വിവാദം ചർച്ചയിൽ നിൽക്കെയാണ് വിജയനെയും മകനെയും വിഷം കഴിച്ച നിലയിൽ കണ്ടെത്തിയത്.

Related Articles

Back to top button
error: Content is protected !!