100 കിലോമീറ്റര്‍ റേഞ്ചുള്ള മിസ്ട്രി ഇലക്ട്രിക് സ്‌കൂട്ടര്‍
മുംബൈ: ലോകത്തിന്റെ ചുവട് പിടിച്ച് ഇന്ത്യയും അതിവേഗം ഇവി വാഹനങ്ങളിലേക്ക് നീങ്ങുകയാണ്, പ്രത്യേകിച്ചും ഇലട്രിക് സ്‌കൂട്ടറുകളോടുള്ള പ്രണയം വര്‍ധിക്കുന്ന ട്രെന്റാണ് ഇപ്പോള്‍. പെട്രോള്‍ ഇരുചക്ര വാഹനങ്ങള്‍ക്ക് ഭീഷണിയായി ഇവികള്‍ കളംനിറഞ്ഞാടുന്ന സ്ഥിതിയായിരിക്കുന്നു.
മുന്‍നിര ബ്രാന്‍ഡുകള്‍ക്കൊപ്പം ചെറിയ സ്റ്റാര്‍ട്ടപ്പ് ബ്രാന്‍ഡുകളും വലിയ മുന്നേറ്റമുണ്ടാക്കുന്ന ഈ ഘട്ടത്തില്‍ രാജ്യത്തെ മുന്‍നിര ഇവി സ്റ്റാര്‍ട്ടപ്പായ സീലിയോ ഇബൈക്സ് പുതിയൊരു ഇലക്ട്രിക് സ്‌കൂട്ടര്‍ ഇന്ത്യന്‍ റോഡിലേക്ക് എത്തിച്ചിരിക്കുകയാണിപ്പോള്‍.
മികച്ച പെര്‍ഫോമന്‍സിന്റെയും സുസ്ഥിര മൊബിലിറ്റിയുടെയും സംയോജനത്തിലൂടെ യാത്രാനുഭവം മെച്ചപ്പെടുത്തുന്ന 100 കിലോമീറ്റര്‍ റേഞ്ചുള്ള മിസ്ട്രി ഇലട്രിക് സ്‌കൂട്ടറാണ് സീലിയോ ഇബൈക്‌സ് പുറത്തിറക്കിയിരിക്കുന്നത്. കൂടുതല്‍ റേഞ്ചും താങ്ങാനാവുന്ന വിലയുമാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകതയായി കമ്പനി എടുത്തുകാട്ടുന്നത്.
ഒറ്റ ചാര്‍ജില്‍ 100 കിലോമീറ്റര്‍ റേഞ്ചും മണിക്കൂറില്‍ പരമാവധി 70 കിലോമീറ്റര്‍ വേഗതയുമാണ് കമ്പനിയുടെ വാഗ്ദാനം. കരുത്തുറ്റ 72വി മോട്ടോറുമായി എത്തുന്ന മിസ്റ്ററി ഇലക്ട്രിക് സ്‌കൂട്ടറില്‍ 72വി/29എഎച്ച് ലിഥിയം അയണ്‍ ബാറ്ററി പായ്ക്കാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ഈ സ്‌കൂട്ടറിന് 81,999 രൂപയാണ് എക്‌സ്‌ഷോറൂം വില വരുന്നത്.
പാര്‍ക്കിംഗ് സ്വിച്ച്, ഓട്ടോ റിപ്പയര്‍ സ്വിച്ച്, യുഎസ്ബി ചാര്‍ജിംഗ്, റിവേഴ്‌സ് ഗിയര്‍, ഡിജിറ്റല്‍ ഡിസ്പ്ലേ തുടങ്ങിയ ആധുനിക ഫീച്ചറുകളെല്ലാം ഹൈ-സ്പീഡ് ഇലക്ട്രിക് സ്‌കൂട്ടറിന്റെ സവിശേഷതകളാണ്. സെന്‍ട്രല്‍ ലോക്കിംഗ് സിസ്റ്റം, ആന്റി തെഫ്റ്റ് അലാറം എന്നിവ പോലുള്ള അധിക സുരക്ഷ ഫീച്ചറുകളും സീലിയോ ഇബൈക്ക്സ് മിസ്ട്രി ഇലക്ട്രിക് സ്‌കൂട്ടര്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. സുസ്ഥിരത കണക്കിലെടുത്ത് നിര്‍മിച്ചിരിക്കുന്ന സീലിയോ മിസ്റ്ററി പെട്രോള്‍ അധിഷ്ഠിത വാഹനങ്ങള്‍ക്ക് ഒരു സീറോ-എമിഷന്‍ ബദലായാണ് സ്ഥാനം പിടിക്കുന്നത്.
സീലിയോയുടെ മുന്‍ മോഡലുകളായ ഗ്രേസി, എക്സ്-മെന്‍, ഈവ സീരീസ് ഇലക്ട്രിക് സ്‌കൂട്ടറുകളുടെ വിജയകരമായ സ്വീകരണമാണ് മിസ്ട്രി പിന്തുടരുന്നത്. ബ്ലാക്ക്, സീ ഗ്രീന്‍, ഗ്രേ, റെഡ് എന്നിങ്ങനെ ആകര്‍ഷകമായ നിറങ്ങളിലും ഇവി ലഭ്യമാണ്.
മിസ്ട്രി ഇലക്ട്രിക് സ്‌കൂട്ടറിന്റെ ഭാരം 120 കിലോഗ്രാമാണ്. 180 കിലോഗ്രാം ലോഡിംഗ് കപ്പാസിറ്റിയാണ് കമ്പനി ഗാരണ്ടി നല്‍കുന്നത്. ചാര്‍ജിങ്ങിന് 4 മുതല്‍ 5 മണിക്കൂര്‍ മാത്രമേ ആവശ്യമുള്ളൂവെന്നതും പ്രായോഗികത വര്‍ധിപ്പിക്കുന്ന കാര്യമാണ്. സസ്‌പെന്‍ഷനായി മുന്നിലും പിന്നിലും ഹൈഡ്രോളിക് ഷോക്ക് അബ്‌സോര്‍ബറുകളാണ് ഘടിപ്പിച്ചിരിക്കുന്നത്. ഇത് സുഗമമായ യാത്ര ഉറപ്പാക്കാന്‍ കെല്‍പ്പുള്ളതാണ്.
സുരക്ഷയും കണ്‍ട്രോളും മെച്ചപ്പെടുത്തുന്നതിനായി മിസ്ട്രിയില്‍ അഡ്വാന്‍സ്ഡ് കോമ്പി ബ്രേക്ക് സംവിധാനവും ഒരുക്കിയിട്ടുണ്ട്. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും യൂത്തിനും മുതിര്‍ന്ന പൗരന്മാര്‍ക്കുമെല്ലാം ഒരുപോലെ ഉപയോഗിക്കാന്‍ സാധിക്കുന്ന ഒരു ഇരുചക്ര വാഹനമാണിതെന്നതില്‍ ആര്‍ക്കും തര്‍ക്കമുണ്ടാവില്ല.