നന്തൻകോട് കൂട്ടക്കൊലപാതകം: കേഡൽ ജിൻസൺ രാജ കുറ്റക്കാരൻ, ശിക്ഷാവിധിയിൽ വാദം നാളെ

നന്തൻകോട് കൂട്ടക്കൊലപാതക കേസിൽ പ്രതി കേഡൽ ജിൻസൺ രാജ കുറ്റക്കാരനെന്ന് കോടതി. തിരുവനന്തപുരം ആറാം അഡീഷണൽ സെഷൻസ് കോടതിയാണ് പ്രതിയെ കുറ്റക്കാരനായി കണ്ടെത്തിയത്. ശിക്ഷാവിധിയിൽ വാദം നാളെ നടത്തുമെന്ന് കോടതി അറിയിച്ചു. അച്ഛൻ, അമ്മ, സഹോദരി, ബന്ധുവായ സ്ത്രീ എന്നിവരെയാണ് കേഡൽ ജിൻസൺ രാജ മഴു കൊണ്ട് വെട്ടിക്കൊന്ന ശേഷം കത്തിച്ചത്
പ്രൊഫസർ രാജാ തങ്കം, ഡോക്ടർ ജീൻ പത്മ, മകൾ കരോളിൻ, ബന്ധുവായ ലളിത എന്നിവരാണ് കൊല്ലപ്പെട്ടത്. 2017 ഏപ്രിൽ അഞ്ചിനാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. രാജ തങ്കത്തെയും ജീൻ പത്മത്തെയും കരോളിനെയും ഏപ്രിൽ അഞ്ചിനും ലളിതയെ ഏപ്രിൽ ആറിനുമാണ് കൊലപ്പെടുത്തിയത്
എട്ടാം തീയതി മൃതദേഹങ്ങൾക്ക് തീയിട്ടു. ഈ സമയത്താണ് നാട്ടുകാർ വിവരം അറിയുന്നത്. ഇതിനിടയിൽ കേഡൽ ചെന്നൈയിലേക്ക് രക്ഷപ്പെട്ടിരുന്നു. ഇയാൾ തിരികെ തിരുവനന്തപുരത്ത് എത്തിയപ്പോഴാണ് പോലീസ് പിടികൂടിയത്. മന്ത്രവാദം, ആസ്ട്രൽ പ്രൊജക്ഷൻസ് എന്നൊക്കെ പറഞ്ഞ് കേസിനെ വഴി തിരിച്ചുവിടാൻ കേഡൽ ശ്രമിച്ചിരുന്നു. വിശദമായ ചോദ്യം ചെയ്യലിൽ ചെറുപ്പം മുതൽക്കെ മാതാപിതാക്കളിൽ നിന്നുണ്ടായ അവഗണനയാണ് കൊലപാതകത്തിന് കാരണമായതെന്ന് ഇയാൾ പറഞ്ഞു.