സുഹൃത്തായ ട്രംപുമായുള്ള കൂടിക്കാഴ്ചയെ പ്രതീക്ഷയോടെ കാണുന്നുവെന്ന് നരേന്ദ്രമോദി
![](https://metrojournalonline.com/wp-content/uploads/2024/11/trump-modi-780x470.avif)
ഫ്രാൻസ്-അമേരിക്ക സന്ദർശനത്തിന് മുന്നോടിയായി പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഇമ്മാനുവൽ മക്രോൺ, ഡൊണാൾഡ് ട്രംപ് എന്നിവരുമായുള്ള കൂടിക്കാഴ്ചയിലൂടെ ഇന്ത്യ-ഫ്രാൻസ്, ഇന്ത്യ-യുഎസ് ബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടുമെന്ന് മോദി പ്രതീക്ഷ പങ്കുവെച്ചു. ഫെബ്രുവരി 10 മുതൽ 12 വരെ ഫ്രാൻസിൽ നടക്കുന്ന നിർമിത ബുദ്ധി ഉച്ചകോടിയിൽ സഹ അധ്യക്ഷനായും മോദി പങ്കെടുക്കും.
എന്റെ സുഹൃത്തായ അമേരിക്കൻ പ്രസിഡന്റ് ട്രംപുമായുള്ള കൂടിക്കാഴ്ചയെ പ്രതീക്ഷയോടെയാണ് കാണുന്നത്. ട്രംപിന്റെ ചരിത്രപരമായ വിജയത്തിന് ശേഷം നടക്കുന്ന ആദ്യത്തെ കൂടിക്കാഴ്ചയാണിത്. ട്രംപിന്റെ ആദ്യ ഭരണകാലത്ത് ഇന്ത്യ-അമേരിക്ക സമഗ്ര നയതന്ത്ര സഹകരണം സ്ഥാപിക്കാൻ കഴിഞ്ഞത് വളരെ ഊഷ്മളമായ അനുഭവമായിരുന്നു
ഇരു രാജ്യങ്ങളിലെയും ജനങ്ങളുടെ അഭിവൃദ്ധിക്കായും ലോകത്തിന്റെ മികച്ച ഭാവിക്കായും ഞങ്ങൾ രണ്ട് പേരും ഒന്നിച്ച് പ്രവർത്തിക്കും. സന്ദർശനം ഇന്ത്യ-യുഎസ് സൗഹൃദത്തെ കൂടുതൽ ഊട്ടിയുറപ്പിക്കുകയും വിവിധ മേഖലകളിലെ ബന്ധത്തെ ശക്തിപ്പെടുത്തുകയും ചെയ്യുമെന്നും മോദി പ്രതീക്ഷ പ്രകടിപ്പിച്ചു.